കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി എം.ഡിയുമായ എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്നായിരുന്നു മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍ (ജോയന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).
നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം ആണ്. ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ്.
ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യപുരസ്‌കാരം,ഓടക്കുഴല്‍ അവാര്‍ഡ്,സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.മദിരാശി വിവേകാന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി.