ബിജെപി ബന്ധം ഉപേക്ഷിക്കാൻ ബിഡിജെഎസ്; പക്ഷം ഏതെന്നുറപ്പിക്കാതെ വെള്ളാപ്പള്ളിയെ തള്ളി തുഷാർ

സ്വന്തം ലേഖകൻ
കോട്ടയം: ബിജെപി ബന്ധം ഉപേക്ഷിക്കുന്നതു സംബന്ധിച്ചു കൃത്യമായ സൂചന നൽകി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. കോൺഗ്രസിനോടു കൂടുതൽ അടുപ്പം കാണിക്കുന്ന വെള്ളാപ്പള്ളി നടേശനെ പിൻതുണയ്ക്കാതെ, തള്ളിപ്പറഞ്ഞ തുഷാർ വെള്ളാപ്പള്ളി നിർണായക തീരുമാനം ഇന്ന് സംസ്ഥാന കമ്മിറ്റിയ്ക്കു ശേഷം ഉണ്ടാകുമെന്ന സൂചനയും നൽകിയിട്ടുണ്ട്.
ബിജെപി ബന്ധം സംബന്ധിച്ചു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് എസ്എൻഡിപിയുടെ അഭിപ്രായമാണെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നിലവിലുള്ള നിലപാടിൽ മാറ്റം വരുത്താൻ പാർട്ടി ആലോചിച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ജില്ലാ കമ്മിറ്റിയുടെ ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ ബിഡിജെഎസിന്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റു വരുത്തിയിട്ടില്ല. ഏതെങ്കിലും രീതിയുള്ള മാറ്റം വരുത്തുന്നുണ്ടെങ്കിൽ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി ചേർന്ന് മാത്രമേ ഇതു സംബന്ധിച്ചു തീരുമാനം എടുക്കുകയുള്ളൂ. ഉദ്ഘാടന വേദിയിൽ പ്രസംഗം നടക്കുമ്പോൾ പോലും, തുഷാർ വെള്ളാപ്പള്ളിയും ഉമ്മൻചാണ്ടിയും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്നു ചാനലുകൾ ഫഌഷ് ന്യൂസ് കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ളത് വെറും പ്രചരണങ്ങൾ മാത്രമാണ്. ബിഡിജെഎസിന്റെ തീരുമാനം പാർട്ടി സംസ്ഥാന കമ്മിറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബിഡിജെഎസിന്റെ പരിപാടിയിലേയ്ക്കു ബിജെപി ജില്ലാ – സംസ്ഥാന നേതാക്കളിൽ ഒരാളെ പോലും ക്ഷണിച്ചിരുന്നുമില്ല. നേതൃ സംഗമത്തിൽ പങ്കെടുക്കാതെ സംസ്ഥാന വൈസ് പ്രസിഡന്റ് ്അക്കിരമൺ കാളിദാസ ഭട്ടതിരി മാറി നിൽക്കുകയും ചെയ്തതും വിവാദമായിട്ടുണ്ട്. രാവിലെ നടന്ന നേതൃസംഗമത്തിലും പഠന ക്ലാസിലും അക്കിരമൺ പങ്കെടുക്കാതിരുന്നത് വിവാദമായതിനെ തുടർന്നു ഇദ്ദേഹത്തെ പങ്കെടുപ്പിക്കാൻ നേതൃത്വം ശ്രമങ്ങൾ തുടരുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ പകുതിയിലേറെ പ്രതിനിധികളും ബിജെപി ബന്ധം വിടണമെന്ന നിർദേശത്തെ പിൻതുണയ്ക്കുന്നവരാണെന്നാണ് സൂചനകൾ. ബിജെപിയും ബിഡിജെഎസും ബന്ധം ആരംഭിച്ചിട്ടും തിരഞ്ഞെടുപ്പിൽ പോലും കാര്യമായ നേട്ടമുണ്ടായത് ബിജെപിക്കാണ്. എന്നാൽ, ഇതേ രീതിയിലുള്ള പരിഗണന ബിജെഡിഎസ് നേതൃത്വത്തിനു ലഭിക്കുന്നില്ലെന്നും പ്രതിനിധികളും സംസ്ഥാന നേതാക്കളും കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ അടിയന്തരമായി ബന്ധം വിച്ഛേദിച്ചു സ്വതന്ത്രമായി നിൽക്കുകയാണ് വേണ്ടതെന്നാണ് പ്രതിനിധികളിൽ ഏറെപ്പേരുടെയും നിലപാട്. ഉച്ചയ്ക്കു ശേഷം ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചന ലഭിക്കുന്നത്.
ജില്ലാ നേതൃയോഗത്തിൽ   സംസ്ഥാന ട്രഷറർ എ.ജി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി സെൻ, സംസ്ഥാന സെക്രട്ടറി നീലകണ്ഠൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ പി.അനിൽകുമാർ, എൻ.കെ രമണൻ, എസ്.രാജപ്പൻ, ബിഡിവൈഎസ് ജില്ലാ പ്രസിഡന്റ് സജീഷ് മണലേൽ, ബിഡിഎംഎസ് ജില്ലാ പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
‘സാമൂഹ്യനീതിയും ഭാരത് ധർമജനസേനയും കേരള രാഷ്ട്രീയ പൊതുസമൂഹത്തിൽ’ എന്ന വിഷയത്തിൽ ജയസൂര്യൻ ക്ലാസെടുത്തു. ഭാരത് ധർമജനസേന പൊതുസമൂഹം മുൻപാകെ അവതരിപ്പിക്കുന്ന പാർട്ടി നയങ്ങളും പരിപാടികളും എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബു ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ലാലിറ്റ് എസ്.തകടിയേൽ, ഷാജി അറയ്ക്കൽ, സതീഷ് പോറ്റി, ശ്രീനിവാസ് പെരുന്ന, ജില്ലാ ട്രഷറർ ഇ.ഡി പ്രകാശൻ, കെ.പി സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
Top