സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് വെള്ളാപ്പള്ളി: ഐക്യം തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നു

ആലപ്പുഴ: സിപിഎമ്മില്‍ നിന്നു പൂര്‍ണമായും അകന്ന് ബിജെപിയെ പുല്‍ക്കാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ വീണ്ടും സിപിഎമ്മിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തി. ഈഴവരും തീയ്യരും ഇല്ലെങ്കില്‍ സി.പി.എം. അന്യംനിന്നുപോകുമെന്നും ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ സമുദായത്തോടു കാണിക്കുന്ന സ്‌നേഹം കുറുക്കന് കോഴിയോടുള്ള സ്‌നേഹംപോലെയാണെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം കേന്ദ്രസമിതിയുടെ വാര്‍ഷിക പൊതുയോഗവും കലോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായി. അന്ന് ഇടതുഭരണം വരാന്‍ എസ്.എന്‍.ഡി.പി. യോഗം പ്രമേയംവരെ പാസാക്കിയതാണ്. പിന്നാക്കക്കാരുടെയും പട്ടികജാതിവര്‍ഗക്കാരുടെയും പിന്‍ബലമുള്ള ഇടതുപക്ഷം വിദ്യാഭ്യാസനീതി കാട്ടിയില്ല. അന്ന് പിണറായി വിജയനും എം.എ. ബേബിയും ഡോ. തോമസ് ഐസക്കും എല്ലാം പരിഹരിക്കാമെന്ന് തന്നോട് പറഞ്ഞതാണ്. പക്ഷേ, ഇറങ്ങിപ്പോകുന്നതുവരെ ഒരു കുടിപ്പള്ളിക്കൂടം തന്നില്ല. മറ്റുള്ള സമുദായങ്ങള്‍ക്ക് വാരിക്കോരിക്കൊടുത്തു.
അനീതി ചോദ്യംചെയ്താല്‍ സംഘപരിവാറാക്കും. ചാതുര്‍വര്‍ണ്ണ്യത്തിന്റെ പേര് പറഞ്ഞ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ചാതുര്‍വര്‍ണ്ണ്യം ഇന്നില്ല. അതിന്റെ പേരില്‍ പാവം ബ്രാഹ്മണരെ പീഡിപ്പിക്കരുത്. ഭൂരിപക്ഷഐക്യത്തെ തകര്‍ക്കാന്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞവര്‍ മതനേതാക്കളെ വിളിച്ചിരുത്തി സമ്മേളനം നടത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങള്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് മോദി അധികാരത്തില്‍ വന്നതെന്നു പറഞ്ഞ സമുദായനേതാക്കള്‍ക്കെതിരെ ആര്‍ക്കും പരാതിയില്ല. രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുമെന്ന് പറഞ്ഞ തൃശ്ശൂര്‍ ബിഷപ്പിനെതിരെയും മിണ്ടിയില്ല. മറ്റ് സമുദായസംഘടനകളുമായി ചേര്‍ന്ന് പാര്‍ട്ടി ഉണ്ടാക്കുവാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ സി.പി.എം. സംഘടിതമായി ആക്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി.യില്‍ ഇപ്പോഴുള്ള പാര്‍ട്ടിക്കാരാരും പാര്‍ട്ടി മാറേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അധ്യക്ഷയായി. സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍, പ്രീതി നടേശന്‍, സുജ ബാലുശ്ശേരി, വനജ വിദ്യാധരന്‍, ബേബി റാം, രമേശന്‍ അടിമാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Top