ഭൂമി കയ്യേറ്റം; വിരേന്ദ്രകുമാറിനെതിരെ വിജിലന്‍സ അന്വേഷണം; പരാതി നല്‍കിയത് മാതൃഭൂമിയില്‍നിന്ന് വീരേന്ദ്രകുമാര്‍ പിരിച്ചുവിട്ട എഡിറ്റര്‍

veerendrakumar

മാതൃഭൂമി അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ എംപി വിരേന്ദ്രകുമാര്‍ പിരിച്ചുവിട്ട മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ നല്ലൊരു പണി തന്നെ കൊടുത്തു. വിരേന്ദ്രകുമാറിന്റെ പല രഹസ്യങ്ങളും ഇതോടെ പുറത്തുവന്നിരിക്കുകയാണ്. ഭൂമി കയ്യേറി എന്ന പരാതിയാണ് വിരേന്ദ്രകുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നത്. വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ് കുമാറും ആദിവാസി ഭൂമി കൈയേറി വില്‍പന നടത്തിയെന്നാണ് പരാതി.

മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി രാജനാണ് പരാതിക്കാരന്‍. ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന്‍, എം വി ശ്രേയാംസ് കുമാര്‍, എം പി വീരേന്ദ്രകുമാര്‍ എന്നിവരാണ് പി രാജന്റെ പരാതിയിലെ പ്രതികള്‍. സുല്‍ത്താന്‍ ബത്തേരിയിലെ കൃഷ്ണഗിരി വില്ലേജിലെ പ്ലാന്റേഷന്‍ ഭൂമിയില്‍ നിന്ന് 135.14 ഏക്കര്‍ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നും 54.05 ഏക്കര്‍ഭൂമി വീരേന്ദ്രകുമാറും മകനും പലര്‍ക്കുമായി വിറ്റുവെന്നുമാണ് പരാതി. ഈ പരാതിയിന്മേലാണ് ദ്രുതപരിശോധനയ്ക്ക് തലശ്ശേരി വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജി വി. ജയറാം ഉത്തരവിട്ടത്. വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുക. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈയേറ്റം വ്യക്തമാക്കി 1988 ആഗസ്റ്റ് 30ന് വയനാട് സബ് കളക്ടര്‍ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടു നല്‍കിയെന്ന് പി രാജന്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമി കൈയേറ്റത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 1991 ജനുവരി 18ന് വയനാട് ജില്ലാ കലക്ടര്‍ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്മേലും നടപടിയുണ്ടായില്ല. ഈ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് കൈയേറ്റ ഭൂമിക്ക് പതിച്ചുകൊടുക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിന് കൂട്ടുനിന്ന റവന്യൂ അധികൃതര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നതായും കുറ്റപത്രം സമര്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. ശ്രേയാംസ് കുമാര്‍ 13.83 ഏക്കര്‍ഭൂമി കൈവശംവെച്ചതായും വയനാട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

വീരേന്ദ്രകുമാറിന്റെ പിതാവ് പത്മപ്രഭ ഗൗഡര്‍ ഭാഗം നല്‍കിയ ഭൂമിയില്‍ ഉള്‍പ്പെട്ടതല്ല വീരേന്ദ്രകുമാറും ശ്രേയാംസ് കുമാറും കൈവശം വെയ്ക്കുന്ന ഭൂമിയെന്നും വ്യാജരേഖയുണ്ടാക്കി ഇരുവരും വന്‍തോതില്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമിയാണെന്നും പി രാജന്‍ ആരോപിക്കുന്നു. ഇരുവരും യുഡിഎഫിലെ ഘടകകക്ഷിയും നേതാക്കളുമായതിനാലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇവരെ സഹായിച്ചത്. ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മാത്രമല്ല, ഭൂമി കൈവശംവെക്കാന്‍ ഇരുവരെയും അനുവദിക്കുകയാണ് ചെയ്തത്. ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ വയനാട് ജില്ലയില്‍ ഭൂമിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വീരേന്ദ്രകുമാറും ജനതാദളും എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോഴും ഈ കൈയേറ്റം ഒരു രാഷ്ട്രീയവിഷയമായി സിപിഎം ഉയര്‍ത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2007 ജൂലൈ മാസത്തില്‍ വീരേന്ദ്രകുമാറിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി ഒരു വാര്‍ത്താ പരമ്പര തന്നെ ദേശാഭിമാനി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

സിപിഎമ്മിലെ വിഭാഗീയതയില്‍ വീരേന്ദ്രകുമാര്‍ വിഎസിന്റെ പക്ഷം ചേരുകയും മാതൃഭൂമിയെ വിഎസിനു വേണ്ടി ഉപയോഗിക്കുകയും ചെയ്തുവെന്നും അക്കാലത്ത് ഔദ്യോഗികവിഭാഗം കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ് വീരേന്ദ്രകുമാറും ജനതാദളും എല്‍ഡിഎഫിന്റെ പടിയിറങ്ങിയത്.

Top