വിഴിഞ്ഞം ഉദ്‌ഘാടന ചടങ്ങ്‌;ചെന്നിത്തലയും സുധീരനും പങ്കെടുത്തില്ല !പ്രതിപക്ഷവും ഉദ്‌ഘാടനച്ചടങ്ങില്‍നിന്നു വിട്ടുനിന്നു.

തിരുവനന്തപുരം: പ്രതിപക്ഷം പൂര്‍ണമായി ബഹിഷ്‌കരിച്ച വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനച്ചടങ്ങില്‍ മന്ത്രി രമേശ്‌ ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരനും പങ്കെടുത്തില്ല. രമേശ്‌ ചെന്നിത്തല ഡല്‍ഹിക്കു പോയപ്പോള്‍ സ്‌ഥലത്തുണ്ടായിരുന്നിട്ടും വി.എം. സുധീരന്‍ പങ്കെടുത്തില്ല. എന്നാല്‍, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിയോടൊപ്പം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരനും ജില്ലാ പ്രസിഡന്റും എത്തി. പ്രതിപക്ഷം വിട്ടുനിന്നതിനാല്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, മേയര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തില്ല. ഡി.സി.സി പ്രസിഡന്റുപോലൂം സദസിലിരുന്നപ്പോള്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാത്രമായ ജോര്‍ജ്‌ മേഴ്‌സിയര്‍ ക്ഷണമില്ലാഞ്ഞിട്ടും വേദിയിലായിരുന്നു. എല്ലാം നിയന്ത്രിച്ചത്‌ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കളും.വിഴിഞ്ഞം തുറമുഖം നിര്‍മാണോദ്‌ഘാടനച്ചടങ്ങില്‍നിന്ന്‌ വിട്ടുനിന്ന പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ തുറമുഖനിര്‍മാതാക്കളായ അദാനി ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഗൗതം അദാനി സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും ഫലിച്ചില്ല. നിലപാടില്‍ മാറ്റമില്ലെന്ന അദാനിയെ അറിയിച്ച പ്രതിപക്ഷം ചടങ്ങില്‍നിന്നു വിട്ടുനിന്നു.
പദ്ധതിയോടല്ല, അതിന്റെ നടത്തിപ്പിനോടാണ്‌ എതിര്‍പ്പെന്ന്‌ അദാനിയെ കോടിയേരി അറിയിച്ചു. ബാര്‍ കോഴ അഴിമതിയി ആരോപണത്തില്‍ നില്‍ക്കുന്ന മന്ത്രി കെ. ബാബു അധ്യക്ഷനും സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യസ്‌ഥാനത്തും നില്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്നും കോടിയേരി വ്യക്‌തമാക്കി.
എന്നാല്‍ കൂടിക്കാഴ്‌ച പോസിറ്റീവ്‌ ആണെന്നായിരുന്നു ഗൗതം അദാനിയുടെ പ്രതികരണം. പദ്ധതിയുടെ വിശദാംശങ്ങള്‍ കോടിയേരിയെ അറിയിച്ചു. തറക്കല്ലിടല്‍ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കാത്തതിനെക്കുറിച്ച്‌ സംസാരിച്ചില്ല. അതു ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കാര്യമാണ്‌.
പ്രദേശവാസികളുടെ പുനരധിവാസം സംസ്‌ഥാന സര്‍ക്കാരാണ്‌ പരിഹരിക്കേണ്ടതെന്നും അദാനി പറഞ്ഞു. പ്രദേശവാസികള്‍ക്കു ജോലി നല്‍കുന്ന കാര്യം കമ്പനി പരിഗണിക്കുമെന്നു അദാനി അറിയിച്ചതായി കോടിയേരി പറഞ്ഞു.പുനരധിവാസത്തിന്റെ കാര്യത്തിലെ അവ്യക്‌തത, തൊഴില്‍ നഷ്‌ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ബദല്‍ വരുമാനമാര്‍ഗം എന്നീ കാര്യങ്ങളെ സംബന്ധിച്ചു അദാനിയുമായി കോടിയേരി ചര്‍ച്ച നടത്തി. മുന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ഭൂവുടമ വ്യവസ്‌ഥയിലാണ്‌ പദ്ധതി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്‌. അതിന്റെ നടത്തിപ്പിന്‌ സ്വകാര്യപങ്കാളിത്തമാണ്‌ ഉദ്ദേശിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ പൊതു-സ്വകാര്യ പങ്കാളിത്ത(പി.പി.പി.) മോഡലില്‍ പൂര്‍ത്തിയാക്കാനാണ്‌ യു.ഡി.എഫ്‌. തീരുമാനം. ഇതു സംസ്‌ഥാനത്തിന്‌ എറെ ബാധ്യതയും നഷ്‌ടവും വരുത്തുമെന്നു കോടിയേരി മാധ്യമപ്രവര്‍ത്തകരോടു വ്യക്‌തമാക്കി. 7525 കോടി രൂപയുടെ പദ്ധതിയില്‍ 32ശതമാനം മാത്രം പണം ഇറക്കുന്ന അദാനിക്ക്‌ ഭൂമിയടക്കം മുഴുവന്‍ പദ്ധതിയും െകെപിടിയിലാകും. ഭൂമിയുടെ 30 ശതമാനം മറ്റ്‌ റിയല്‍ എസ്‌റ്റേറ്റ്‌ നിര്‍മ്മാണത്തിനും ഉപയോഗിക്കാം.

കേന്ദ്ര സംസ്‌ഥാന സര്‍ക്കാരാണ്‌ പദ്ധതി വിഹിതം കൂടുതല്‍ മുടക്കുന്നതും. എന്നിട്ടും ആദ്യത്തെ 20 വര്‍ഷം ലാഭവിഹിതത്തിന്റെ ഒരു ശതമാനം മാത്രമാണ്‌ അദാനി സര്‍ക്കാരിന്‌ നല്‍കുക. ഭൂമി എറ്റെടുക്കേണ്ടതും സര്‍ക്കാരാണ്‌.ഈ പദ്ധതി നടത്തിപ്പ്‌ അംഗീകരിക്കാനാവില്ല. പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളുടെയും ചിപ്പി വാരുന്നവരുടേതുമടക്കം പുനരധിവാസത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 18,000 പരാതികളാണ്‌ ഈ വിഷയത്തില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത്‌. ഭൂവുടമ സംവിധാനമായിരുന്നെങ്കില്‍ ഹാര്‍ബറിലെ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കാമായിരുന്നു. എന്നാല്‍, പി.പി.പിയില്‍ അതിനും വകുപ്പില്ല. ഇതെല്ലാമാണ്‌ പദ്ധതിയെ എതിര്‍ക്കാന്‍ കാരണം. നടത്തിപ്പില്‍ മാറ്റം വരുത്തി വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കണം എന്നാണ്‌ എല്‍.ഡി.എഫ്‌. ആവശ്യപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു.

Top