തർക്കമുണ്ടാക്കി മത്സരിക്കാനില്ല: കത്തിൽ കുത്തുമായി വിഎസ് കേന്ദ്ര നേതൃത്വത്തിലേയ്ക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നറിയിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ സി.പി.എമ്മിൽ പുതിയ വിവാദത്തിനു തീകൊളുത്തി. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ വിഷമമുണ്ടെങ്കിലും തർക്കിക്കാനില്ലെന്നു വ്യക്തമാക്കി അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തു നൽകി.
താൻ അധികാരദുർമോഹത്താൽ വീണ്ടും മൽസരിക്കാൻ ഒരുങ്ങുകയാണെന്നും പ്രായമേറിയതിനാൽ മൽസരിക്കാൻ അനുവദിക്കരുതെന്നും സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോയോടു പറഞ്ഞതിൽ വിഷമമുണ്ടെന്ന് കത്തിൽ വി.എസ്. വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും സമാന വിവാദങ്ങൾ ഉയർന്നിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മൽസരരംഗത്തു നിന്ന് മാറിനിൽക്കുന്നതായി അപ്പോഴെല്ലാം പോളിറ്റ് ബ്യൂറോയെ അറിയിക്കുകയും ചെയ്തതാണ്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന സമിതിയുടെയും യോഗങ്ങളിൽ പങ്കെടുത്ത് പോളിറ്റ് ബ്യൂറോയിലെ നേതാക്കന്മാരാണ് തന്നോടു മൽസരിക്കാൻ ആവശ്യപ്പെട്ടത്. പോളിറ്റ് ബ്യൂറോയുടെ ഇടപെടലിനെത്തുടർന്നാണ് കഴിഞ്ഞ രണ്ടു തവണയും മത്സരിക്കാൻ തയാറായതെന്നും വി.എസ്. കത്തിൽ പറയുന്നു.
സംസ്ഥാനത്തെ പാർട്ടിയിൽ ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കുന്നതിൽ വിഷമമുണ്ട്. താൻ ഒരു തർക്കത്തിനും തയാറല്ല. വരുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത് മുന്നണിക്കു ഗുണം ചെയ്യില്ല. മൽസരരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണെന്നും മുന്നണിയുടെ വിജയത്തിനായി പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും സൂചിപ്പിച്ചാണ് യെച്ചൂരിക്കുള്ള കത്ത് വി.എസ്. അവസാനിപ്പിക്കുന്നത്.
ലാവ്‌ലിൻ കേസിന്റെ നിഴലിൽ നിന്ന് പിണറായി വിജയൻ പുറത്തുവന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ആരു നയിക്കുമെന്ന ചോദ്യം സജീവമാകുന്നതിനിടെയാണ് വി.എസ്. കേന്ദ്ര നേതൃത്വത്തിന് കത്തു നൽകിയിരിക്കുന്നത്. വി.എസും പിണറായിയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഭിപ്രായം ഉയർന്നിരുന്നു.
ആരു നയിക്കണമെന്ന കാര്യത്തിൽ കഴിഞ്ഞ സി.പി.എം. പോളിറ്റ് ബ്യൂറോ യോഗത്തിലും സമവായമായില്ല. തുടർന്നാണ് സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരുന്നത്. മൽസരിക്കുന്നില്ലെന്ന് അറിയിച്ച് യെച്ചൂരിക്കു വി.എസ്. നൽകിയ കത്താകും സെക്രട്ടേറിയറ്റ് യോഗത്തിനെ പിടിച്ചുലയ്ക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top