
മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശവുമായി വിടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി അഴിമതിക്കേസുകളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ഒരായുധം മാത്രമായിട്ടാണ് കാണുന്നതെന്ന് ബലറാം കുറ്റപ്പെടുത്തുന്നു.
അഴിമതിയുടെ പേര് പറഞ്ഞ് ആളുകളെ മോശക്കാരാക്കുകയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയും പിന്നീട് അവരെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം പറയുന്നു. മറിച്ച് യഥാര്‍ത്ഥത്തില്‍ അവരാരെങ്കിലും, അത് കോണ്‍ഗ്രസ്സുകാരോ യുഡിഎഫുകാരോ സമുദായനേതാക്കളോ മറ്റാരെങ്കിലുമോ ആകട്ടെ, അഴിമതിക്കാരാണെങ്കില്‍ ഇപ്പോള്‍ ലഭിച്ച അധികാരമുപയോഗിച്ച് നിയമനടപടികള്‍ ശരിയാംവണ്ണം മുന്നോട്ടുകൊണ്ടുപോയി അവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്.
വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോ ഫിനാന്‍സ് കേസ് കഴമ്പുള്ളതാണെങ്കില്‍ അതും ശക്തമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. അഴിമതിക്കാരെ പൊതുവേദിയില്‍ ശകാരിക്കുകയും പിന്നീട് അവരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നത് ഇരട്ടച്ചങ്കിന്റെ ലക്ഷണമല്ല, ഇരട്ടത്താപ്പിന്റേതാണ്.