നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു.കോൺഗ്രസിലെ സൗമ്യമുഖം റിസൾട്ട കാക്കാതെ യാത്രയായി .

കോഴിക്കോട് : മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 56 വയസ്സായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും സംസ്കാരം.
പുലര്‍ച്ചെ 3മണിയോടെ കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.മൃതദേഹം രാവിലെ 6.30 മുതല്‍ 7.30 വരെ മലപ്പുറം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 3ന് എടക്കരയില്‍ വച്ചായിരിക്കും സംസ്‌കാരം.

ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ കെഎസ്‌യു പ്രവര്‍ത്തകനായ വിവി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെസി വേണുഗോപാല്‍ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി.വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍, എഫ്.സി.ഐ അഡ്വൈസറി ബോര്‍ഡ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2011ല്‍ തവനൂര്‍ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നിലവിലെ എംഎല്‍എയും മുന്‍മന്ത്രിയുമായ കെ.ടി.ജലീലിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വിവി പ്രകാശ് ജനിച്ചത്. എടക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്‌കൂളിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. മമ്പാട് എം.ഇ.എസ് കോളജിലും മഞ്ചേരി എന്‍എസ്എസ് കോളജിലുമായി കോളജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

Top