ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ക്വിസ് മത്സരം കൗതുകകരമാകുന്നു. നിങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് സംസാരിക്കണോ? ചെറിയൊരു മത്സരത്തില്‍ വിജയിച്ചാല്‍ കാര്യം നടക്കും. അഞ്ച് മിനുട്ടിനുള്ളില്‍ 20 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം എന്നു മാത്രം. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ചോദ്യങ്ങള്‍.
www.mygov.in എന്ന വെബ്‌സൈറ്റാണ് ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികളാകുന്നവര്‍ക്ക് മോദി കൈയ്യൊപ്പിട്ട സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഡയറക്ട് ബെനഫിക്ട് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതിവഴി കൈമാറിയ തുകയെത്ര, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ കീഴില്‍ എത്ര ജില്ലകളാണുള്ളത്? തുടങ്ങി സര്‍ക്കാരിന്റെ പദ്ധതികളെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യങ്ങള്‍. ഇവയ്‌ക്കൊപ്പം നാലു ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.
എത്ര മാര്‍ക്കാണ് നേടിയിരിക്കുന്നതെന്നും വെബ്‌സൈറ്റില്‍ അറിയാന്‍ സാധിക്കും. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനും പിന്നീട് തിരികെ ചെല്ലുന്നതിനും അവസരമുണ്ടായിരിക്കും.
ശരിയായ ഉത്തരങ്ങള്‍ എത്രയുണ്ടെന്നത് കണക്കാക്കിയായിരിക്കും വിജയികളെ തീരുമാനിക്കുന്നത്. അവര്‍ക്ക് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് അവസരം ലഭിക്കും. ഒന്നിലധികം പേരുടെ ഉത്തരങ്ങള്‍ കൃത്യമാണെങ്കില്‍ സമയം മാനദണ്ഡമാക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഉത്തരം ശരിയാക്കുന്നവരാകും വിജയിക്കുക.