ഭര്‍ത്താവ് വിദേശത്തും ഭാര്യ നാട്ടിലുമാണെങ്കില്‍ സൂക്ഷിക്കുക… ഭര്‍ത്താവ് വിദേശത്തായ ഭാര്യമാരെ കുടുക്കാന്‍ പുതിയ തന്ത്രങ്ങളുമായി ഒരു സംഘം

കാസറഗോഡ് :പണം തട്ടാന്‍ വ്യാജ വാട്‌സ് ആപ്പ് സന്ദേശങ്ങളും വ്യാജദൃശ്യങ്ങളുമായി ഒരു സംഘം നാട്ടില്‍ സജീവമായിരിക്കുന്നു . ഭര്‍ത്താവ് വിദേശത്തായ ഭാര്യമാരെ കുടുക്കാനാണ് പുതിയ തന്ത്രങ്ങളുമായി ഒരു സംഘം രംഗത്തുള്ളത്. കാസര്‍കോട് പൊയിനാച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഭര്‍തൃമതികളായ ഒട്ടേറെ യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് വിവരം. വ്യാജ വാട്‌സ് ആപ്പ് സന്ദേശങ്ങളുണ്ടാക്കിയാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ചുപേര്‍ അടങ്ങുന്ന സംഘം നിങ്ങളുടെ ദാമ്പത്യം തകര്‍ക്കാനുള്ള തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി അത് പുറത്തെത്തിക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്.

വിദേശത്ത് കഴിയുന്ന ഭര്‍ത്താക്കന്മാരുടെ വിശദമായ വിവരം ഈ സംഘം ആദ്യമായി ശേഖരിക്കും. ഇവരുടെ ഭാര്യമാര്‍ നാട്ടില്‍ ജോലിക്കു പോകുന്നവരാണെങ്കില്‍ അവരുടെ ജോലിസ്ഥലത്തെ വിശദവിവരങ്ങളും ശേഖരിക്കും. ജോലിയുള്ള ഭാര്യമാരാണെങ്കില്‍ അവരെ കുടുക്കാന്‍ ഇത്തരക്കാര്‍ക്ക് എളുപ്പമാണ്. ജോലിക്ക് പോകുമ്പോഴോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്തോ പരിചയക്കാരായ ഏതെങ്കിലും യുവാക്കളുമായി സംസാരിക്കുകയാണെങ്കില്‍ അത് ഈ സംഘം അവരറിയാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കും. ചിത്രീകരിച്ച ദൃശ്യങ്ങള്‍ അപകീര്‍ത്തികരമാക്കാന്‍ ചില എഡിറ്റിങ്ങ് പണികളും ഇവര്‍ നടത്തും. അതോടെയാണ് ഉദ്ദേശിക്കുന്ന യുവതിയെ സമീപിക്കാനൊരുങ്ങുക.whatsapp-sainsburys-scam

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലിക്ക് പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ ആണ് ഈ സംഘത്തിലെ ആളുകള്‍ യുവതിയെ സമീപിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുക. പല ആരോപണങ്ങളും അവരുടെ മേല്‍ ഉന്നയിക്കും. അതെല്ലാം നിഷേധിച്ചാലും നിങ്ങളും മറ്റു യുവാക്കളും തമ്മിലുള്ള അടുപ്പം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വേണമെങ്കില്‍ അത് കാണിച്ചു തരാമെന്നും അതു പുറത്തുവിടാതിരിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെടും.

തെറ്റായി ഒന്നും ചെയ്യാത്തവര്‍ തിരിച്ച് പ്രതികരിക്കുമെങ്കിലും വ്യാജ ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്ന് പറയുന്നതോടെ അവര്‍ കീഴടങ്ങും. ഒടുവില്‍ ചോദിക്കുന്ന പണം നല്‍കി അപകീര്‍ത്തിയില്‍ നിന്നും രക്ഷപ്പെടുകയാണ് പതിവ്. മറ്റു ബന്ധങ്ങളുള്ള വീട്ടമ്മമാരാണെങ്കില്‍ ഈ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമായി. അതു ചൂണ്ടിക്കാട്ടി ബ്ലാക് മെയില്‍ ചെയ്യാനും എത്ര പണം വേണമെങ്കിലും ഭീഷണിപ്പെടുത്തി വാങ്ങാനുമാകും.

നിരവധി യുവതികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിന് ഇരയായവര്‍ എത്രയും വേഗം പരാതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തില്‍ ഇത് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമെന്ന ഭയത്താലും അപമാനിതയാകുമെന്ന ചിന്തയിലും ഇത്തരം കാര്യങ്ങള്‍ ആരും പുറത്തു പറയാത്തതിനാല്‍ സംഘം തട്ടിപ്പ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ബേഡകം പൊലീസ് സ്‌റ്റേഷനില്‍ ഒരു പരാതി ലഭിച്ചതോടെയാണ് പൊലീസിന് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.

Top