സലിംരാജിന്റെ ഗോഡ്ഫാദര്‍ ആര്? വലിയ തലയെ സരക്ഷിക്കുന്നതാര്? ഗുരുതരകുറ്റം ചെയ്‌തെന്ന് പറഞ്ഞ സിബിഐ റിപ്പോര്‍ട്ട് മാറ്റിയതെന്തിന്?

3traj

തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് ആദ്യം പറഞ്ഞ സിബിഐ റിപ്പോര്‍ട്ട് മാറ്റിയെന്തിന്? ആളുകളെ ഭീഷണിപ്പെടുത്തിയെന്ന നിസ്സാരകുറ്റം മാത്രം ചുമത്തിയ സിബിഐ നടപടിയുടെ പിന്നില്‍ മറ്റ് ദുരൂഹതകളുണ്ടെന്ന് സൂചന. സിബിഐ ആരെയാണ് സംരക്ഷിക്കുന്നത്? കോടികളുടെ കള്ളപ്പണം മറിഞ്ഞ കടകംപള്ളി ഭൂമി ഇടപാടില്‍ സലിംരാജിന്റെ ഗോഡ്ഫാദര്‍ ആരാണ്?

കടകംപള്ളി ഭൂമി ഇടപാടില്‍ കള്ളപ്പണം വന്നത് എവിടെ നിന്ന്? കോടികളുടെ ഭൂമി കുംഭകോണം നടന്ന കടകം പള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അത്തരം വിവരങ്ങള്‍ ഒന്നുമില്ല. തട്ടിപ്പിന്റെ ആണിക്കല്ലായ സലിം രാജിനെതിരെ ചുമത്തപ്പെട്ടത് നിസ്സാര വകുപ്പ് മാത്രം. ഒറ്റനോട്ടത്തില്‍ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിനെക്കുറിച്ചുള്ള സിബിഐ അന്വേഷണം ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജാണ് ഭൂമി ഇടപാടിന് ചുക്കാന്‍ പിടിച്ചതെന്നായിരുന്നു ആരോപണം. കടകംപള്ളി, പോത്തന്‍കോട്, വര്‍ക്കല സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന 44 ഏക്കര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണ് കടകംപള്ളി ഭൂമി തട്ടിപ്പ്. 60 കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ടാണ് തട്ടിപ്പ് നടന്നത്. തട്ടിയെടുത്ത ഭൂമി മറിച്ച് വില്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെ സംശയത്തിന്റെ നിഴലിലായിരുന്നു. തട്ടിപ്പിനിരയായവര്‍ ഹൈക്കോടതിയിലെത്തിയാണ് സിബിഐ അന്വേഷണം നേടിയെടുത്തത്. എന്നാല്‍ നേരറിയാന്‍ സിബിഐ യെ ആശ്രയിച്ചിട്ടും കാര്യമില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍.

തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ച സലിം രാജിനെതിരെ നിസ്സാര വകുപ്പ് മാത്രം ചുമത്തിയാണ് സിബിഐ ഇപ്പോള്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പ് മാത്രമാണ് സലിം രാജിനെതിരെ. ഇത് സലിം രാജിനെതിരെ നിലനില്‍ക്കുന്ന വകുപ്പല്ലെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ സലിം രാജ് ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നേരത്തെ സിബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സലിംരാജ് നിസ്സാരകുറ്റം മാത്രമേ ചെയ്തുള്ളൂവെന്ന നിലപാട് ഇപ്പോള്‍ സിബിഐ സ്വീകരിച്ചിരിക്കുന്നത്.

ഈ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും സിബിഐ നേരത്തെ അയച്ചുകൊടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 7 വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമം അനുസരിച്ചും ഉള്ള കുറ്റകൃത്യങ്ങള്‍ സലിംരാജ് ചെയ്തിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയത്. ഗൂഢാലോചന, വഞ്ചന, ലാഭം ഉണ്ടാകാന്‍ വേണ്ടി വഞ്ചിക്കുക, വ്യാജരേഖ ഉണ്ടാക്കുക, ആ രേഖ യഥാര്‍ഥ രേഖയാക്കി തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുക, ഇതുപയോഗിച്ച് നേട്ടം ഉണ്ടാക്കുക, ആളുകളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സലിംരാജ് ചെയ്തിട്ടുണ്ടെന്നാണ് സിബിഐ ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ സിബിഐ സലിംരാജിനെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത് നിസ്സാരമായ 506 എന്ന വകുപ്പ് മാത്രം.

എങ്ങനെയാണ് കുറ്റപത്രത്തില്‍ സലിംരാജിനെതിരെ നിസ്സാരവകുപ്പ് മാത്രം ചുമത്തപ്പെട്ടത് എന്നതിനെക്കുറിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ വരെ ഉള്‍പ്പെട്ട കേസാണ് കടകംപള്ളി. ഇത്തരം രാഷ്ട്രീയ നേതാക്കള്‍ക്ക് തട്ടിപ്പുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ തയ്യാറായിട്ടില്ല. ഏതോ സമ്മര്‍ദ്ദത്തിന് സിബിഐ വഴങ്ങുന്നു എന്ന തോന്നലാണ് അന്വേഷണം ഉടനീളം വിലയിരുത്തുമ്പോള്‍ ഉണ്ടാകുന്നത്. കോടികളുടെ കള്ളപ്പണം ഭൂമിതട്ടിപ്പിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ആരുവഴിയാണ് ഈ കള്ളപ്പണം എത്തിയത് എന്നത് സംബന്ധിച്ച് സിബിഐ യ്ക്ക് വിവരം ലഭിച്ചിട്ടില്ല. സലിംരാജിന്റെ പിന്നില്‍ അധികാരകേന്ദ്രങ്ങള്‍ വഴി തട്ടിപ്പിന് സഹായം നല്‍കിയവരും ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്ത് തന്നെ. ആ വഴിക്ക് അന്വേഷണം നടത്താനും സിബിഐ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ സലിംരാജ് ആ വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതോടെ ആ വഴിക്കും സിബിഐ അന്വേഷണം നടത്തിയില്ല.

ആദ്യം വിജിലന്‍സാണ് കേസന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നുവര്‍ഷം നീണ്ടുനിന്ന വിവാദങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായത്. കഴിഞ്ഞവര്‍ഷം ജൂണില്‍ സലീംരാജ് ഉള്‍പ്പെടെ 10 പേരെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
മുന്‍ എം എല്‍ എ വര്‍ക്കല കഹാറിന്റെ ബന്ധു ഭൂമി തട്ടിപ്പിന് ഇരയായവരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വരെ സിബിഐയ്ക്ക് ലഭിച്ചതാണ്. ഇതുകൂടാതെ ഉന്നതരുമായി ബന്ധപ്പെട്ട നിരവധി തെളിവുകളും പരാതിക്കാരില്‍ പലരും കൈമാറി. എന്നാല്‍ ആ വഴിക്കൊക്കെ അന്വേഷണം നടത്താനോ ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാനോ സിബിഐ തയ്യാറായില്ല. കേസ് ഏതാനും ചില ചെറുമീനുകളില്‍ മാത്രം ഒതുക്കി അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന. സിബിഐയുടെ വലക്കണ്ണികളില്‍ കുടുങ്ങാതെ വമ്പന്‍സ്രാവുകള്‍ ഇപ്പോഴും സുരക്ഷിതര്‍.

Top