ബശീർ ഫൈസി ദേശമംഗലം
‘വാരിയൻ കുന്നൻ’ എന്ന സിനിമ ഇറക്കണമോ വേണ്ടയോ എന്നതു അതിന്റെ അണിയറ പ്രവർത്തകരുടെ മാത്രം.സ്വാതന്ത്ര്യം ആണ്.ചരിത്രത്തെ വ്യക്തമായി അനാവരണം ചെയ്യാൻ പോലുമാവാത്ത രണ്ടു മണിക്കൂർ എന്റർടെയിന്മെന്റ് കമേഴ്‌സ്യൽ മൂവികൾ ആണ് സിനിമകൾ എന്നത് കൊണ്ട്,
ആ സിനിമ സംഭവിച്ചാൽ മാത്രമേ ആ ധീര ദേശാഭിമാനികൾ അനുസ്മരിക്കപ്പെടൂ എന്ന മൂഢ സ്വർഗ്ഗത്തിലല്ല ഈ കുറിപ്പുകാരൻ..!
അതേ സമയം അത്തരമൊരു സിനിമയുടെ പ്രഖ്യാപനം വന്ന ഉടനെ അതിനെതിരെ നടക്കുന്ന സൈബർ ബുള്ളിയിങ്ങിന്റെ ചേതോ വികാരം നമ്മെ ഭയപ്പെടുത്തേണ്ടതുണ്ട്.കൂടുതൽ ശക്തമായി വരാനിരിക്കുന്ന സാംസ്ക്കാരിക ഫാഷിസത്തിന്റെ ചിലമ്പൊലികളാണിത്.ആ അർത്ഥത്തിൽ അതിനെതിരെ സാംസ്കാരിക പ്രതിരോധം തീർക്കേണ്ടത് നമ്മുടെ ദേശീയ ബാധ്യത കൂടിയാണ്.കാരണം രാജ്യം രൂപപ്പെട്ട് വന്ന ചരിത്രത്തെ ഭയപ്പെടുന്നവർ രാജ്യദ്രോഹികളാണ്.
മത വികാരം വൃണപ്പെടുന്നത് കൊണ്ടോ,മത സ്പർധ ഉണ്ടാകുന്നത് കൊണ്ടോ ഒന്നുമല്ല ഈ സാംസ്കാരിക ഫാഷിസം മുടിയഴിച്ചാടുന്നത്.ചിത്രീകരണം പോലും തുടങ്ങാത്ത സിനിമയുടെ പേര് മാത്രമല്ല പ്രശനം. വാരിയൻ കുന്നൻ ഹാജിയുടെ ഉജ്ജ്വല പോരാട്ടങ്ങൾ അനാവൃതമാകുമ്പോൾ ഉരിഞ്ഞു പോകുന്നത് തങ്ങളുടെ നഗ്നതയാണ് എന്ന ലജ്ജകലർന്ന ഭീതിയാണ് കാരണം..!
ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തിന്റെ കൊടി പറത്തിയ മനുഷ്യൻ മുസ്ലിം ആണ് എന്നത് തന്നെയാണ് ഈ പ്രകോപനത്തിന് കാരണം.ചരിത്രത്തെ വക്രീകരിക്കുകയോ,തമസ്ക്കരിക്കുകയോ ചെയ്തു കൊണ്ടുള്ള ഈ കൾച്ചറൽ ടെററിസം ഇവർ ആദ്യം തുടങ്ങിയതു ‘ഇന്ത്യൻ കൗണ്സില് ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൽ'(ICHR) ആണ്.
വാരിയൻ കുന്നൻ സെല്ലുലോയിഡിന്റെ ലൈം ലൈറ്റിലേക് വരുന്നത് പുതിയ തലമുറയെ പ്രചോദിപ്പിക്കുമെന്നും,അതുവഴി ബ്രീട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ തങ്ങളുടെ ഭാഗധേയ ശൂന്യത കൂടുതൽ അനാവരണം ചെയ്യപ്പെടുമെന്ന ഭീതിയാണ് ഈ സൈബർ ബുള്ളിയിങ്ങിന്റെ പിന്നിലെ ചേതോ വികാരം..!!
എം.ടി വാസുദേവൻ നായർക്ക് ഇനിയൊരു വടക്കൻ വീരഗാഥ നോവൽ എഴുതാൻ ആവില്ല. ചതിയൻ ചന്തു പ്രതിനിധാനം ചെയ്യുന്ന മതപക്ഷ പരികല്പനകൾ തങ്ങളെ നോവിക്കുന്നു എന്നു പറഞ്ഞു തിറയാട്ടം നടത്തും ഇവർ.
ആരായിരുന്നു വാരിയൻ കുന്നൻ..?
ബ്രിട്ടീഷ് മലബാറിലെ വള്ളുവങ്ങാട് താലൂക്കിലെ നെല്ലിക്കുത്തിലെ ചക്കിപ്പറമ്പത്ത് കുടുംബത്തിൽ 1870ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം.ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജി പിതാവ്.ഉമ്മ തുവ്വൂരിലെ സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ കുഞ്ഞായിശുമ്മ.
1920 ഓഗസ്റ്റില്‍ ബ്രിട്ടീഷ് സൈന്യം മമ്പുറം കിഴക്കേ പള്ളിയില്‍ നടത്തിയ സൈനിക ഓപറേഷൻ നടക്കുന്നു. പള്ളിയില്‍ ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഓപറേഷന്‍.ജനം പള്ളിയിലേക്ക് ഒഴുകി. ജനക്കൂട്ടത്തിന് നേരെ പട്ടാളം വെടിവച്ചു.ജനം പട്ടാളത്തെയും നേരിട്ടു.ബ്രിട്ടീഷ് സേന പിന്തിരിഞ്ഞോടി. തൊട്ടുപിന്നാലെ ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമാന്തര ഭരണം പ്രഖ്യാപിക്കപ്പെട്ടു. ശേഷം വാരിയന്‍ കുന്നനായി ഭരണാധികാരി.
ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലാണ് സ്വതന്ത്ര രാജ്യ പ്രഖ്യാപനം നടന്നത്. മലയാളരാജ്യം എന്നായിരുന്നു രാജ്യത്തിന്റെ പേര്.രാജ്യത്തെ നാലു മേഖലകളാക്കി തിരിച്ചു. പ്രവിശ്യാ ഭരണാധികാരികളെ നിശ്ചയിച്ചു. രാജ്യത്ത് സമാന്തര സര്‍ക്കാര്‍, കോടതികള്‍, നികുതി കേന്ദ്രങ്ങള്‍, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, സൈന്യം, പൊലീസ് എന്നിവയെല്ലാം ഉണ്ടാക്കി.
ലോകത്തിന്റെ നാലിൽ ഒരു ഭാഗം കാൽകീഴിൽ ഒതുക്കിയ ബ്രിടീഷ് സാമ്രാജ്യത്തിനു ലോകത്തു എവിടെയും നിന്നും അനുഭവിക്കാത്ത അപമാനമാണ് ഇതുവഴിയുണ്ടായത്…!!അതിന്റെ മുന്നണി പോരാളിയുടെ പേരാണ് വാരിയൻ കുന്നൻ..!!ഹിന്ദുക്കളെ കൊന്നു വാരിയൻ കുന്നൻ ഹാജി എന്നു പുതിയ പുലയാട്ടു പറയുന്ന ദേശ ദ്രോഹികൾ അറിയണം ബ്രിട്ടീഷ് അനുകൂലിയായ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി സാഹിബിനെ കൊന്ന് തലയറുത്ത് പ്രദര്‍ശിപ്പിക്കാൻ നേതൃത്വം നൽകിയത് കുഞ്ഞഹമ്മദ് ഹജിയായിരുന്നു.ഭൂതകാലത്തെ ഓർത്തു ലജ്ജിക്കേണ്ടിവരുമെന്ന ഭീതിയില്ലാത്തക്കാൻ ഒരു സിനിമ ഇല്ലാതാക്കിയത് കൊണ്ടാകില്ല..
ഏറനടിന്റെയും,വള്ളുവ നാടിന്റെയും ശോണിമ പൂത്ത മണ്ണടരുകളിൽ ചെവിയൊന്നു ചേർത്തു വെച്ചു നോക്കൂ..ഖിലാഫത് പ്രക്ഷോഭത്തിന്റെ വീരധ്വനികൾ കേട്ട് നീ വെറുങ്ങലിക്കും..!! മാപ്പു എഴുതിയ പരമ്പര്യമല്ലയത്..വീറോടെ പൊരുതി നിന്ന ദേശാഭിമാനത്തിന്റെ ജ്വലിക്കുന്ന ഭൂതകാലമാണത്…!!