ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി പാകിസ്താന്‍. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുടെ വധത്തിനെതിരെ നടന്ന സമരങ്ങളെ ഇന്ത്യ അടിച്ചമര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തിയത്.
സംഭവത്തില്‍ ഈ മാസം 19 ന് രാജ്യത്ത് കരിദിനം ആചരിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീരിലെ ജനങ്ങള്‍ നടത്തിയത് സ്വാതന്ത്ര്യ പോരാട്ടമാണെന്ന് ഷെരീഫ് അഭിപ്രായപ്പെട്ടു. കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ പാകിസ്താന്‍ നല്‍കിവരുന്ന ധാര്‍മികവും രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ തുടരുമെന്ന് നവാസ് ഷെരീഫ് പറഞ്ഞു. ബര്‍ഹാന്‍ വാനിയെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ രക്തസാക്ഷിയെന്നാന്ന് ഷെരീഫ് വിശേഷിപ്പിച്ചത്. ലാഹോറില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തെ സംബോധന ചെയ്യുകയായിരുന്നു ഷെരീഫ്.
ഇന്ത്യയുടെ ക്രൂരതകള്‍ കശ്മീരികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് തീഷ്ണത പകരുമെന്നും കശ്മീരിന് അവര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കുമെന്നും ഷെരീഫ് പറഞ്ഞു. അതിന് വേണ്ടി പാകിസ്താന്‍ ഒന്നടങ്കം കശ്മീരിന് പിന്തുണ നല്‍കുകയാണെന്നും ഷെരീഫ് വ്യക്തമാക്കി. കശ്മീരിലെ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും പ്രധാനമന്ത്രി നവാസ് ഷെരീഫ് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ അപലപിച്ച പാകിസ്താനെതിരെ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ആഞ്ഞടിച്ചു. മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യദ് അക്ബറുദ്ദീന്‍ ആരോപിച്ചു. പാകിസ്താന്‍ തീവ്രവാദത്തെ ദേശീയ നയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ നടന്ന അക്രമങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ സൈന്യം പ്രത്യേക ഓപ്പറേഷനിലൂടെ ബര്‍ഹാന്‍ വാനിയെ വധിച്ചത്. ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനെതിരെ വന്‍ പ്രതിഷേധമായിരുന്നു കശ്മീരില്‍ ഉടലെടുത്തത്. കഴിഞ്ഞ ഒരാഴ്ച നീണ്ടു നിന്ന പ്രതിഷേധങ്ങള്‍ക്ക് ശമനം വന്നുതുടങ്ങിയിട്ടുണ്ട്.