ഇംഫാല്‍: കേന്ദ്രമന്ത്രി കണ്ണന്താനത്തിന് വീണ്ടും പണികിട്ടി. മന്ത്രിക്ക് വേണ്ടി വിമാനം വൈകിപ്പിച്ചതിന് വനിതാ ഡോക്ടറാണ് മന്ത്രിയോട് തട്ടിക്കയറിയത്. മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം. മന്ത്രിയോട് ക്ഷുഭിതയാവുന്ന വനിതാ ഡോക്ടറുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പട്നയിലെ തന്റെ വീട്ടിലേക്ക് പോവാനായാണ് ഡോക്ടര്‍ എത്തിയത്. എന്നാല്‍ വിവിഐപിയുടെ വിമാനത്തിന് വേണ്ടി യുവതിയുടെ വിമാനവും വൈകി. ഇതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്.
‘2.45നായിരുന്നു വിമനം പുറപ്പെടേണ്ടിയിരുന്നത്. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി എനിക്ക് പട്‌നയിലേക്ക് പോവേണ്ടതുണ്ട്. കൃത്യസമയത്തിന് എത്തുമെന്ന് വീട്ടിലും അറിയിച്ചിട്ടുണ്ട്. ഞാനൊരു ഡോക്ടറാണ്, സമയം വൈകിയാല്‍ മൃതദേഹം അഴുകും’ ഡോക്ടര്‍ പറയുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
തട്ടിക്കയറുന്ന ഡോക്ടറെ ശാന്തയാക്കാന്‍ മന്ത്രി ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇത്തരം രീതികളില്‍ പ്രതിഷേധിച്ചു കൊണ്ട് തന്നെ ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് മന്ത്രിയോട് ഡോക്ടര്‍ ആവശ്യപ്പെടുന്നുണ്ട്. വിമാനം ഇനിയും വൈകില്ലെന്ന് തനിക്ക് എഴുതിത്തരണമെന്ന് ഡോക്ടര്‍ മന്ത്രിയോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനോടും യുവതി ദേഷ്യപ്പെടുന്നുണ്ട്.
അതേസമയം തനിക്ക് വേണ്ടിയല്ല, ഇംഫാലിലെത്തുന്ന രാഷ്ട്രപതിക്ക് വേണ്ടിയാണ് വിമാനം വിമാനം വൈകിയതെന്ന് സംഭവത്തിനു ശേഷം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.