കര്‍ണ്ണാടകയിലെ മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസം ആവശ്യപ്പെട്ട ജനങ്ങളോട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദുരിത ബാധിതര്‍ക്ക് സഹായ ധനം എത്തിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ കൈയ്യില്‍ നോട്ടടിക്കുന്ന യന്ത്രമൊന്നുമില്ലെന്നായിരുന്നു യെദ്യൂരപ്പയുടെ മറുപടി. യെദിയൂരപ്പയുടെ ഈ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ എസും ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
കര്‍ണ്ണാടയിലെ ശിവമോഗയിലെ പ്രളയ ദുരിതബാധിതരാണ് സഹായം അഭ്യര്‍ഥിച്ച് യെദിയൂരപ്പയുടെ അടുത്തെത്തിയത്. ഇവരോടായിരുന്നു യെദിയൂരപ്പയുടെ മറുപടി. എന്നാല്‍ ആര്‍ത്തിമൂത്ത എം.എല്‍.എമാരെ തൃപ്തിപ്പെടുത്താന്‍ അക്ഷയ പാത്ര ഫണ്ട് ഉണ്ടെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ യെദ്യൂരപ്പയുടെ മറുപടിയോട് പ്രതികരിച്ചു. എം.എല്‍.എമാരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കയറ്റാനും ആരാണ് കറന്‍സി നോട്ട് അടിക്കുന്നതെന്ന് ജനതാദള്‍ എസും ചോദിച്ച് രംഗത്തെത്തി.
പ്രളയകാലത്തെ യെദിയൂരപ്പയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു.
പരസ്യം ഇങ്ങനെ…
യെദിയൂരപ്പ, താങ്കള്‍ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്?. നരേന്ദ്രമോദി സംസ്ഥാനം ഇത് വരെ സന്ദര്‍ശിച്ചിട്ടില്ല. ഇതൊരു ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി രൂപ അനുവദിച്ചിട്ടില്ല. ഒരു പ്രവര്‍ത്തനവും നടത്താതെ പണം ചെലവഴിച്ച് പരസ്യങ്ങള്‍ കൊടുത്ത് ദുരന്തബാധിതരെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരസ്യത്തിലുണ്ടായിരുന്നു.
കര്‍ണാടകയില്‍ മഴക്കെടുതി ബാധിച്ചവര്‍ സഹായത്തിനായി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വാഹനവ്യൂഹം തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശിയിരുന്നു.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പറയാനാണ് അവര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്.
ഗഡഗ് ജില്ലയിലെ കോന്നൂര്‍ താലൂക്ക് സന്ദര്‍ശിക്കാന്‍ പോകവെയായിരുന്നു യെദ്യൂരപ്പയെ നാട്ടുകാര്‍ തടഞ്ഞതും തുടര്‍ന്ന് ലാത്തിച്ചാര്‍ജുണ്ടായതും. ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് ലാത്തി വീശിയതെന്നായിരുന്നു പോലീസിന്‍റെ വിശദീകരണം.
ജനങ്ങളെ പൊലീസ് മര്‍ദ്ദിക്കുന്നതു കണ്ടിട്ടും യെദ്യൂരപ്പ കാറിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നുവെന്ന് വലിയ ആരോപണമുണ്ട്.
വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ടയാളുകളാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. അടിയന്തര നഷ്ടപരിഹാരമായി അവര്‍ക്കു തുക ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
കര്‍ണാടകയില്‍ മഴക്കെടുതി 1024 ഗ്രാമങ്ങളെയാണ് മഴ കാര്യമായി ബാധിച്ചത്. 18 ജില്ലകളിലായി 80 താലുക്കുകളിലെ 2.43 ലക്ഷം പേരെയാണു മഴ ബാധിച്ചത്. ഈ മാസം നാലുമുതലാണ് മഴ കനത്തത്.
അയ്യായിരം കോടിയുടെ നഷ്ടമാണു മഴക്കെടുതിയിലുണ്ടായതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിഗമനം. 3.75 ലക്ഷം ഹെക്ടര്‍ വിളകള്‍, 14,000 വീടുകള്‍ 478 കിലോമീറ്റര്‍ വൈദ്യുത ലൈനുകള്‍ എന്നിവയ്ക്കു നാശനഷ്ടം നേരിട്ടു.