കല്‍ക്കി അവതാരമെന്ന് പറഞ്ഞ് പണം തട്ടലും പീഡനവും നടത്തിയ ദിവ്യന്‍ പോലീസ് പിടിയില്‍; കൂടെ താമസിച്ചിരുന്നത് ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരികള്‍

അമേരിക്കയില്‍ നിന്നും ബിരുദമെടുത്ത ഡോക്ടറാണെന്ന് പറഞ്ഞ് അടുപ്പം ഉണ്ടാക്കും. ദിവ്യ ശക്തി ഉണ്ടെന്ന് പറഞ്ഞ് വശീകരിക്കും. കല്‍ക്കി അവതാരമാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടലും പീഡനവും നടത്തി വന്ന വ്യാജഡോക്ടര്‍ പോലീസ് പിടിയില്‍. തൃശൂര്‍ എങ്ങണ്ടിയൂര്‍ എം.എ ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (കണ്ണന്‍ 30) ആണ് ഇന്‍ഫോ പാര്‍ക്ക് പോലീസിന്റെ പിടിയിലായത്. പ്ലസ്ടു മാത്രം യോഗ്യതയുള്ള പ്രതി ന്യൂറോ സര്‍ജനാണെന്ന് ഉന്നതവിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ പറഞ്ഞു കബളിപ്പിച്ച് ഫ്ളാറ്റ് വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പും പീഡനവും നടത്തി വന്നത്.

ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയായ യുവതിയെയും രണ്ടു കൂട്ടുകാരികളെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജദിവ്യന്‍ വലയിലായത്. കല്‍ക്കി അവതാരം, ദിവ്യന്‍, ന്യൂറോ സര്‍ജന്‍ എന്നിങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞായിരുന്നു കാക്കനാട് കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ സിദ്ധന്‍ ഇരകളെ കണ്ടെത്തിയിരുന്നത്. മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്താന്‍ മിടുക്കനായിരുന്നു ഈ വ്യാജസിദ്ധന്‍. തട്ടിപ്പില്‍പെടുന്നവരെ ലൈംഗികമായി ഉപദ്രവിക്കുകയും വഞ്ചിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ഡോക്ടറാണെന്നു പറഞ്ഞാണ് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. വിദേശത്തുനിന്ന് ന്യൂറോ സര്‍ജറിയില്‍ ബിരുദം നേടിയ ഡോക്ടറാണെന്നാണ് ഇയാള്‍ പറഞ്ഞത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്കു സമീപം പുതുതായി തുടങ്ങുന്ന കമ്പനിയിലേക്കെന്നു പറഞ്ഞാണ് യുവതികളെ വിളിച്ചു വരുത്തിയത്. ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ വിവിധ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവര്‍ക്ക് ഫ്ളാറ്റും വാടകയ്ക്ക് എടുത്തു നല്‍കി.

പെണ്‍കുട്ടികള്‍ക്കായി എടുത്ത ഫ്ളാറ്റില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. തനിക്ക് ദിവ്യത്വം ഉണ്ടെന്ന് പെണ്‍കുട്ടികളെ ഉണ്ണികൃഷ്ണന്‍ വിശ്വസിപ്പിച്ചു. ഇതില്‍ ഒരു യുവതിയെ സുഹൃത്തിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. യുവതിയുടെ സഹോദരനേയും ഇയാളുടെ ഭാര്യയേയും ഫ്ളാറ്റില്‍ വിളിച്ചു വരുത്തി ഭര്‍ത്താവിന് അപമൃത്യു സംഭവിക്കുമെന്നും അത് ഒഴിവാക്കാന്‍ പൂജ നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനായി 1.73 ലക്ഷം രൂപ അവരില്‍ നിന്നു വാങ്ങിയതായും പോലീസ് പറഞ്ഞു. താന്‍ കല്‍ക്കിയുടെ അവതാരമാണെന്നും പൂജ ചെയ്ത് ദോഷങ്ങളെല്ലാം അകറ്റുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. പൂജയ്ക്കിടെ യുവതിയുടെ സഹോദര ഭാര്യയെ ഇയാള്‍ ശുചിമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിപ്രകാരം ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.

സ്വന്തം നാടായ തൃശൂരില്‍ ഇയാള്‍ക്ക് ഒരു ഭാര്യയുണ്ട്. എറണാകുളത്തുവച്ച് ഇടുക്കി സ്വദേശിനിയെയും വിവാഹം കഴിച്ചു. ഇവരെ ഫ്ളാറ്റിനടുത്ത് വാടകവീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഫ്ളാറ്റില്‍ മൂന്നു യുവതികളോടൊപ്പം കഴിയുന്നതറിഞ്ഞ് ഇടുക്കി സ്വദേശിയായ ഭാര്യ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ നിത്യേന ഫ്ളാറ്റിലെത്തി യുവതികളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പെണ്‍കുട്ടികളില്‍ ചിലരോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്‌കോടി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇയാള്‍ കറങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളോടൊപ്പം കഴിയുന്ന യുവതികളുടെ വീടുകളില്‍ നിന്നു സ്വര്‍ണവും പണവും കൈക്കലാക്കായിട്ടുണ്ട്. മൂന്നു യുവതികള്‍ ഇയാളുടെ പൂജകളിലും മറ്റും വിശ്വസിച്ച് മാതാപിതാക്കളോടൊപ്പം പോകാന്‍ കൂട്ടാക്കാതെയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കായി പോയ സഹോദരിയേയും രണ്ടു കൂട്ടുകാരികളേയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പിടിയിലായത്. ഉണ്ണികൃഷ്ണന്റെ താമസ സ്ഥലം കണ്ടെത്തി രാത്രി 12.30 നു പോലീസ് എത്തുന്പോള്‍ ഇയാള്‍ക്കൊപ്പം ഫ്ളാറ്റില്‍ ഏതാനും പെണ്‍കുട്ടികളുണ്ടായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്ന് ഒരു തോക്ക്, ഇരുതലമൂര്‍ച്ചയുള്ള കത്തി, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ഹോമകുണ്ഡം, പൂജാസാമഗ്രികള്‍ എന്നിവ കണ്ടെടുത്തു. ഉണ്ണികൃഷ്ണന്‍ എന്ന പേരിലും കണ്ണന്‍ എന്ന പേരിലും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇയാളില്‍ നിന്നു പോലീസ് പിടിച്ചെടുത്തു. വിസ തട്ടിപ്പ് ഉള്‍പ്പെടെ ഇയാള്‍ക്കെതിരേ പേരാമംഗലം, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസി. കമ്മീഷണര്‍ എം. ബിനോയ്, ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ രമേശ്കുമാര്‍, എസ്ഐ രാജേഷ്, ഇന്‍ഫോ പാര്‍ക്ക് സിഐ പി.കെ. രാധാമണി, എസ്ഐ തൃദീപ് ചന്ദ്രന്‍, എഎസ്ഐ സജി, വനിത എസ്ഐ ട്രീസ, സിപിഒമാരായ സജീഷ്, ബേബി, സുമേശ്, രഞ്ജിത്, സുധീര്‍, ജാബിര്‍, ജയന്തി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Top