ബിജെപിയ്ക്ക് ചെക്ക് വിളിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ്. പേര് മാറ്റാൻ പറഞ്ഞ ജിന്ന ടവറിന് ത്രിവര്‍ണ പെയിന്റ് !!!

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ജിന്ന ടവറില്‍ ത്രിവര്‍ണ പെയിന്റ് അടിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ്. എം എല്‍ എയുടെ നേതൃത്വത്തിലാണ് ജിന്ന ടവര്‍ ദേശീയ പതാകയ്ക്ക് സമാനമായ മൂവര്‍ണ പെയന്റടിച്ചത്. ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബി ജെ പി ആവശ്യപ്പെട്ടതിന് പിന്നാലെ നിറം മാറ്റം.

നിരോധനാജ്ഞ അവഗണിച്ച് ടവറില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചതിന് ഹിന്ദു വാഹിനി സംഘടനയില്‍ നിന്നുള്ളവരെന്ന് അവകാശപ്പെടുന്ന മൂന്ന് പേരെ ജനുവരി 26 ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ വിഭാഗങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം, ടവര്‍ ത്രിവര്‍ണ്ണ പതാക കൊണ്ട് അലങ്കരിക്കാനും ടവറിന് സമീപം ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള ഒരു തൂണ്‍ നിര്‍മ്മിക്കാനും തീരുമാനിച്ചു. വ്യാഴാഴ്ച ജിന്ന ടവറില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും എന്ന് ഗുണ്ടൂര്‍ ഈസ്റ്റ് എം എല്‍ എ മുഹമ്മദ് മുസ്തഫ പറഞ്ഞു.

മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനോടുള്ള ബഹുമാനാര്‍ത്ഥം ടവറിന്റെ പേര് മാറ്റണമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബി ജെ പി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സ്മാരകം നശിപ്പിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ബി ജെ പിയ്‌ക്കെതിരെ മുഹമ്മദ് മുസ്തഫ രംഗത്തെത്തിയിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനുപകരം കൊവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ പെട്ട ദരിദ്രരായ ആളുകളെ സഹായിക്കുന്നതില്‍ ബി ജെ പി നേതാക്കള്‍ ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ റിപ്പബ്ലിക് ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മുസ്തഫയും ജി എം സി മേയര്‍ കാവടി മനോഹര്‍ നായിഡുവും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ ചൊവ്വാഴ്ച സ്മാരകം സന്ദര്‍ശിച്ചിരുന്നു.

ഗുണ്ടൂരിലെ മഹാത്മാ ഗാന്ധി റോഡിലാണ് ജിന്ന ടവര്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. അതേസമയം ടവറിന്റെ പേര് മാറ്റണമെന്ന ഉറച്ച നിലപാടിലാണ് ബി ജെ പി. ടവറിന് ജിന്ന ടവര്‍ എന്ന് പേരിട്ടതിന് ശേഷം ആ പ്രദേശം ജിന്ന സെന്റര്‍ എന്നാണ് അറിയപ്പെടുന്നത്.

ഇത് പാകിസ്ഥാനിലല്ല, ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ്. ഒരു വഞ്ചകന്റെ പേരിലാണ് ഇപ്പോഴും ആ സ്ഥലം അറിയപ്പെടുന്നത് എന്നായിരുന്നു ബി ജെ പി സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്തുകൊണ്ടാണ് ഡോ അബ്ദുള്‍ കലാമിന്റെയോ ദളിത് കവി ഗുറം ജഷുവയുടേയോ പേര് ടവറിന് നല്‍കാത്തതെന്നും ബി ജെ പി നേതാക്കള്‍ ചോദിച്ചിരുന്നു.

തെലങ്കാന ബി ജെ പി എം എല്‍ എ രാജാ സിംഗ്, ആന്ധ്ര പ്രദേശ് ബി ജെ പി പ്രസിഡന്റ് സോമു വെരാജു എന്നിവരും സമാന ആവശ്യമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് പോലും ടവറിന്റെ പേര് മാറ്റിയിട്ടില്ല.

2017ല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ജിന്ന ടവറിനെ അംഗീകരിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മഹാത്മതാ ഗാന്ധി റോഡില്‍ ജിന്ന ടവര്‍ നില്‍ക്കുന്നത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്.

അതേസമയം വിദ്വേഷം പ്രചരിപ്പിച്ച് വര്‍ഗീയത സൃഷ്ടിക്കാനാണ് ബി ജെ പിയുടെ ശ്രമമെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇതുവരെ ആരും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും വൈ എസ് ആര്‍ സി പി സെക്രട്ടറിയും എം എല്‍ സിയുമായ ലെല്ല അപ്പെ റെഡ്ഡി പറഞ്ഞു.

2005ലെ പാകിസ്ഥാന്‍ സന്ദര്‍ശനത്തില്‍ ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ജിന്നയെ മതേതര സ്വാതന്ത്ര്യ സമര സേനാനിയെന്നും ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും അംബാസഡറെന്നുമാണ് വിശേഷിപ്പിച്ചതെന്ന് ബി ജെ പിക്കാര്‍ മറന്ന് പോകരുതെന്ന് അദ്ദേഹം പറഞ്ഞു.

Top