ഡിവൈഎസ്പിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവാവ് വാഹനമിടിച്ച് മരിച്ചു

നെയ്യാറ്റിന്‍കര: ഡിവൈഎസ്പി ഹരികുമാറുമായി റോഡില്‍ വച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവ് വാഹനമിടിച്ച് മരിച്ചു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് അപകടം. ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെയായിരുന്നു അപകടം. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

ഡിവൈഎസ്പി ഹരികുമാര്‍ നെയ്യാറ്റിന്‍കര കൊളങ്ങാവിളയില്‍ ഒരു വീട്ടിലെത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുന്നതിനിടെ ഡിവൈഎസ്പിയുടെ വാഹനത്തിന് പുറകില്‍ പാര്‍ക്ക് ചെയ്ത വണ്ടി മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനം മാറ്റിയിടാന്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരസ്പരം വാക്ക് തര്‍ക്കമുണ്ടാവുകയും ഇത് ഉന്തിലും തള്ളിലേക്കും നീങ്ങുകയായിരുന്നു.

ഇതിനിടെ സനലിനെ റോഡില്‍ കൂടിപോയ കാര്‍ ഇടിച്ചു. പരിക്കേറ്റ് റോഡില്‍ വീണ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഡിവൈഎസ്പി ഹരികുമാര്‍ സ്ഥലം വിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന് കുറച്ച് നേരത്തേക്ക് യുവാവിന് ജീവനുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്‌ഐയും സംഘവും എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും യുവാവിനെ കൊണ്ടുപോയെങ്കിലും ഇയാള്‍ മരിച്ചിരുന്നു.

Latest
Widgets Magazine