സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ തന്ത്രിക്ക് ബാധ്യതയുണ്ട്; തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ല

യുവതി പ്രവേശത്തില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നാണ് ശങ്കര്‍ദാസ് പ്രതികരിച്ചത്. പരികര്‍മികളുടെ പ്രതിഷേധവും ക്ഷേത്രത്തിന് കളങ്കം വരുത്തി എന്നും അദ്ദേഹം വിമര്‍ശിച്ചു. പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ലെന്നും ശങ്കര്‍ദാസ് കൂട്ടിച്ചര്‍ത്തു.

ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല കയറാമെന്നാണ് സുപ്രീംകോടതി വിധി. ആ വിധി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ടെന്നും അല്ലാതെ തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ലെന്നും ശങ്കര്‍ദാസ് പ്രതികരിച്ചു. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്‍മ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യല്ല. അതുകൊണ്ടാണ് അവരോട് വിശദീകരണം ചോദിച്ചുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞദിവസം എറണാകുളം സ്വദേശി രഹനാ ഫാത്തിമ, അന്ധ്രസ്വദേശി കവിത എന്നിവര്‍ ശബരിമലയിലേക്ക് പ്രവേശിക്കാനായെത്തിയപ്പോള്‍ സ്ത്രീകള്‍ ശബരിമലയിലേക്ക് കടന്നാല്‍ നടയടച്ച് പോകുമെന്ന് തന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതികളെ പൊലീസ് നടപ്പന്തലില്‍ വെച്ച് തിരിച്ചയക്കുകയാണുണ്ടായത്.

നടയടക്കാന്‍ തന്ത്രിയ്ക്കുമേല്‍ പന്തളം മുന്‍ രാജകുടുംബത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് തന്ത്രി ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ട്. കോടതി വിധി സംബന്ധിച്ച യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ചിലരുടെ രാഷ്ട്രീയ അജണ്ടയ്ക്കു നിന്നുകൊടുക്കുകയാണെന്ന് ശങ്കര്‍ദാസ് പറഞ്ഞു.

Latest
Widgets Magazine