യുവാവിന്‍റെ പുറത്ത് കുത്തേറ്റു 6 ഇഞ്ച് നീളത്തില്‍ ഉളി നെഞ്ച് തുളച്ചു; അത്ഭുത രക്ഷപ്പെടല്‍

ന്യൂഡല്‍ഹി : ഐസ് തകര്‍ക്കാനുപയോഗിക്കുന്ന ഉളി കൊണ്ട് കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ ഡോക്ടര്‍മാര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വേദിയായത്. 27 കാരനായ രാകേഷ് കുമാറിനെ അജ്ഞാതന്‍ പുറകില്‍ നിന്ന് ഉളി കൊണ്ട് ആക്രമിക്കുകയായിരുന്നു. രാവിലെ 8 മണിയോടെ ഓഫീസില്‍ പോകാനായി ബസ് സ്റ്റാന്റിലേക്ക് നടക്കുകയായിരുന്നു ഇയാള്‍. ഈ സമയം പിന്‍തുടര്‍ന്നെത്തിയ അജ്ഞാന്‍ ഉളി ഉപയോഗിച്ച് ആഞ്ഞുകുത്തി. അപ്രതീക്ഷിത ആക്രമണത്തില്‍ വേദനയാല്‍ പുളഞ്ഞ് യുവാവ് റോഡില്‍ വീണു. ആരാണ് ആക്രമിച്ചതെന്ന് രാകേഷിന് തിരിച്ചറിയാനായില്ല. അയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. കുത്തേറ്റു വീണ ഇദ്ദേഹത്തെ ഓടിക്കൂടിയവര്‍ ഓട്ടോയില്‍ പശ്ചിംവിഹാറിലെ ബാലാജി ആശുപത്രിയിലെത്തിച്ചു.ഇവിടെ നിന്ന് ഉടന്‍ എയിംസിലേക്ക് മാറ്റുകയായിരുന്നു. പുറത്ത് തുളച്ചുകയറിയ ഉളി 6 ഇഞ്ച് നീളത്തില്‍ നെഞ്ച് തുളച്ചു. ശ്വാസകോശത്തിന്റെ ഇടതുഭാഗത്തേക്കാണ് ഉളി തറഞ്ഞെത്തിയത്. ഈ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്ത ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. പൊടുന്നനെ ഉളി വലിച്ചൂരാന്‍ സാധിക്കുമായിരുന്നില്ല. ഇത് ആന്തരിക മുറിവ് വ്യാപിക്കാനും അമിത രക്തശ്രാവത്തിനും ഇടയാക്കും. അതിനാല്‍ ക്യാമറാ സഹായത്തോടെയുള്ള തൊറൊകോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് ഐസ് പിക്ക് നീക്കം ചെയ്തത്. ഇതിനായി 3 മുറിവുകളുണ്ടാക്കി അതിലൂടെ ക്യാമറകള്‍ ശരീരത്തില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ഉപകരണത്തിന്റെ കിടപ്പ് മനസ്സിലാക്കിയശേഷം അത് നീക്കം ചെയ്യുകയായിരുന്നു. ഡോക്ടര്‍ ബിപ്‌ലാപിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. വിജയകരമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ രാകേഷ് കുമാര്‍ സുഖം പ്രാപിച്ച് വരികയാണ്.

Top