തെരുവില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് മേല്‍ കഴുകന്‍ കണ്ണുകളുമായി അക്രമികള്‍; പെണ്‍കുട്ടികളെ മുടിവെട്ടി ആണ്‍കുട്ടികളാക്കി സംരക്ഷിക്കേണ്ട ഗതികേടില്‍ തെരുവിന്റെ മക്കള്‍

കൊല്ലം: തെരുവിന്റെ മക്കള്‍ തങ്ങളുടെ കുട്ടികളുമായി തെരുവില്‍ കഴിയുന്നത് ജീവഭയത്തിലെന്ന് റിപ്പോര്‍ട്ട്. തല ചായ്ക്കാന്‍ സ്വന്തമായി ഇടമില്ലാത്ത നാടോടി സംഘങ്ങളിലെ പെണ്‍കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണ്ണവും ഭയാനകവുമാണ്. മുടി വെട്ടിയൊതുക്കി കണ്ണെഴുതി പൊട്ട് തൊടാതെ ആണ്‍ വേഷത്തിലാണ് പെണ്‍കുട്ടികളെ ഇവര്‍ സംരക്ഷിക്കുന്നത്.

കേരളത്തില്‍ കഴിയുന്ന നാടോടി കുടുംബത്തിലെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാത്തതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. 15 വര്‍ഷമായി കേരളത്തില്‍ താമസമാക്കിയ ഹരി റാമിനും ഭാര്യ ലീലയ്ക്കും എട്ട് മക്കളാണ്. ഇവരുടെ ആറ് പെണ്‍കുട്ടികളില്‍ നാലുപേരെയും ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചാണ് വളര്‍ത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുഞ്ഞുങ്ങളെ ഉപദ്രവിക്കാനെത്തുന്ന കഴുകന്‍ കരങ്ങളെ ഭയന്നാണിതെന്ന് ഹരിയും ലീലയും സമ്മതിക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന നാടോടി സംഘങ്ങളിലെ മിക്ക പെണ്‍കുഞ്ഞുങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്. കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിന്റെ ആവശ്യം രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്താന്‍ ശിശുക്ഷേമ യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും നാടോടി സ്ത്രീകളുടെ സുരക്ഷയുടെ കാര്യം ഉറപ്പാക്കാന്‍ പ്രത്യേകിച്ച് സംവിധാനങ്ങളൊന്നുമില്ല.

നാല് വര്‍ഷം മുമ്പ് സ്വന്തം നാടായ രാജസ്ഥാനില്‍ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമാണ് ഇവരുടെ ഭയത്തിന് കാരണം. പെണ്‍മക്കളെ ആണ്‍വേഷം ധരിപ്പിച്ച് വളര്‍ത്തുക മാത്രമാണ് സുരക്ഷയ്ക്ക് ഇവര്‍ക്കു മുന്നിലുള്ള ഏക വഴി. ആക്രമണം ഉണ്ടായാല്‍, എവിടെ പരാതി നല്‍കണം എന്ന കാര്യം പോലും പ്രാഥമിക വിദ്യാഭ്യാസമില്ലാത്ത ഇവര്‍ക്ക് അറിയില്ല.

ആക്രമണം ഉണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇത്തരം നാടോടി സംഘങ്ങള്‍ക്ക് അറിയില്ല. ആണ്‍കുട്ടികളെ പോലെ നമ്മള്‍ കാണുന്ന പലരും പെണ്‍കുട്ടികളായിരിക്കാം. ഇവരുടെ പ്രശ്‌നങ്ങള്‍ വിശ്വാസത്തിലെടുത്ത് ഗൗരവതരമായി വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്. ഇവരുടെ സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.

Top