അവഗണിക്കപ്പെടുന്ന സമൂഹത്തിനായി മോഹല്‍ലാലിന്റെ ബ്ലോഗ്‌

മാലിന്യത്തില്‍ നിന്നും ഭക്ഷണം എടുത്ത്‌ കഴിക്കുന്ന ആദിവാസി കുട്ടികളുടെ പത്രവാര്‍ത്തയും ചിത്രവും വിഷയമാക്കി ‘ഈ വിശപ്പിന്‌ മുന്നില്‍ മാപ്പ്‌’ എന്ന തലക്കെട്ടോടെ മോഹന്‍ലാലിന്റെ ബ്ലോഗ്‌. എല്ലാവരും സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറന്നുപോയെന്നും ലാല്‍ കുറ്റപ്പെടുത്തുന്നു.

സ്വന്തം ആവാസസ്‌ഥലത്ത്‌ നിന്നും നഗരത്തിലേക്ക്‌ ഇറങ്ങിവന്ന്‌ നഗരത്തിന്റെ ഉച്‌ഛിഷ്‌ടവും മാലിന്യവും ഭക്ഷിച്ച്‌ ജീവിക്കേണ്ട ഈ കുട്ടികളേ കുറിച്ചുള്ള വാര്‍ത്തയും ചിത്രവും..അത്‌ കണ്ടത്‌ മുതല്‍ എന്റെ മനസ്സ്‌ അസ്വസ്‌ഥമായി. ആദിവാസികള്‍ക്ക്‌ വേണ്ടി ആവിഷ്‌കരിച്ച പദ്ധതികളും പണവും എവിടെ പോയി. ഭരിക്കുന്ന മന്ത്രിമാര്‍ മുതല്‍ ഞാനടക്കമുള്ള സാധാരണ പൗരന്മാര്‍വരെ ഇതില്‍ കുറ്റക്കാരാണ്‌. തെറ്റുകാരാണ്‌. നമുക്കാര്‍ക്കും ആത്മാര്‍ത്ഥയില്ല. മനുഷ്യന്‌ വേണ്ടി നിലകൊള്ളുന്ന നിയമവും മനസ്സും നമുക്കില്ല. ആദിവാസി കുട്ടികള്‍ വിശന്നിട്ട്‌ മാലിന്യം തിന്നുമ്പോള്‍ നമ്മള്‍ ഓരോരുത്തരും എത്രയോ പേരുടെ വിശപ്പ്‌ മാറ്റാന്‍ പോന്ന ഭക്ഷണമാണ്‌ ഓരോ നേരവും തീന്‍മേശയില്‍ ബാക്കിയാക്കുന്നത്‌. ആദിവാസി ബാലന്മാര്‍ മാലിന്യം ഭക്ഷിക്കുന്ന ഈ വാര്‍ത്ത ചിത്രസഹിതം നമ്മുടെ ഹോട്ടലുകളിലും വീട്ടിലെ ഭക്ഷണ മുറിയിലും ചില്ലിട്ട്‌ തൂക്കണം എന്നാണ്‌ എന്റെ അഭിപ്രായം. ഒരു മണി ചോറ്‌ വെറുതെ കളയുമ്പോള്‍ ഈ ചിത്രം കാണണം. അതൊരു ഷോക്ക്‌ ട്രീന്റ്‌മെന്റാകണമെന്നും ലാല്‍ ബ്ലോഗില്‍ കുറിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിഷയത്തില്‍ എന്നെ വേദനയോടെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട്‌. ഇത്രയും പ്രധാനപ്പെട്ട ഒരു വാര്‍ത്ത വന്നിട്ടും അതിന്റെ പേരില്‍ ഒരു വലിയ ഞെട്ടലോ ബഹളമോ ഒന്നും നമുക്കിടയില്‍ ഉണ്ടായില്ല എന്നതാണ്‌ അത്‌. വാര്‍ത്തയെ മറന്ന്‌ നാം തിരഞ്ഞെടുപ്പിന്റെയും ബാര്‍ കോഴയുടേയും, രാജിവെക്കലിന്റേയും ഉത്സവക്കാഴ്‌ചകളിലേക്ക്‌ പോയി. എല്ലാകാര്യങ്ങളിലും ഇടപെട്ട്‌ സമൂഹത്തിന്റെ മനസ്സാക്ഷിയെ വരെ മാറ്റിമറിക്കുന്ന നവമാധ്യമങ്ങളും വലിയ ശ്രദ്ധ ചെലുത്തിയില്ല. പരിഹാസങ്ങളും പരദൂഷണങ്ങളും വ്യക്‌തിഹത്യകളും മാത്രമാണോ നാം ഷെയര്‍ ചെയ്യാന്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്നതെന്നും ലാല്‍ ചോദിക്കുന്നു.

മാലിന്യം ഭക്ഷണമാക്കുന്ന ആദിവാസി ബാലന്മാരുടെ ഈ ചിത്രത്തിനും വാര്‍ത്തയ്‌ക്കും മുന്നില്‍ മനുഷ്യനെന്ന നിലയിലും മലയാളി എന്ന നിലയിലും ഭക്ഷണം ആസ്വദിച്ച്‌ കഴിക്കുന്ന ആളെന്ന നിലയിലും ഞാന്‍ ലജ്‌ജിച്ച്‌, കുറ്റബോധത്തോടെ തലതാഴ്‌ത്തി കണ്ണീരണിഞ്ഞ്‌ നില്‍ക്കുന്നു. ഈ മഹാപാപത്തില്‍ നിന്ന്‌ ഒരു ഭാഗം ഞാനും പങ്കിട്ടെടുക്കുന്നു. മനുഷ്യവംശത്തോട്‌ മാപ്പ്‌ പറയുന്നുവെന്ന്‌ ഓര്‍മിപ്പിച്ചുകൊണ്ടാണ്‌ ലാലിന്റെ ബ്ലോഗ്‌ അവസാനിക്കുന്നത്‌.

 

Top