മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയാക്കും; തീരുമാനം ഉപസമിതി സുപ്രീം കോടതിയെ അറിയിച്ചു; തമ്മിലടിക്കേണ്ട സമയം ഇതല്ലെന്ന് തമിഴ്‌നാടിനോട് കോടതി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കാമെന്ന് മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ ഉപസമിതി സുപ്രീം കോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി അണക്കെട്ട് തുറന്നു വിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.5 അടിയാണ് ഇപ്പോള്‍. വെള്ളം കൊണ്ടുപോകില്ലെന്ന് തമിഴ്‌നാട് കടുംപിടുത്തം പിടിച്ചപ്പോള്‍ കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി ഇടപെടല്‍.

കേരളത്തെ പ്രളയക്കെടുതി വിഴുങ്ങുമ്പോള്‍ ജനങ്ങളുടെ ജീവനാണ് ഇപ്പോള്‍ പ്രധാനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തമ്മിലടിക്കേണ്ട സമയം ഇതല്ലെന്നും തമിഴ്‌നാടിനോട് സുപ്രീം കോടതി പറഞ്ഞു. അധിക ജലം തമിഴ്നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം. കേരളത്തിലേക്ക് തുറന്ന് വിട്ടാല്‍ പ്രളയക്കെടുതി വര്‍ധിക്കുമെന്നും നിരീക്ഷിച്ചു.

മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും കൂടുതല്‍ വെള്ളം എടുക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളിയിരുന്നു. കേന്ദ്രം ഇടപെട്ടിട്ടും ജലനിരപ്പ് 142 അടിയില്‍ തന്നെ നിലനിര്‍ത്തുമെന്നായിരുന്നു തമിഴ്‌നാടിന്റെ നിലപാട്.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ വെള്ളപ്പൊക്കം ഗൗരവകരമെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കുകയും നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുല്ലപ്പെരിയാര്‍ ഉപസമിതിയോട് ആവശ്യപ്പെടുകയും ചെയ്തു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനുള്ള അടിയന്തരയോഗം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വ്യാഴാഴ്ച വിളിച്ചു ചേർത്തിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. എന്നാൽ ജലനിരപ്പ് താഴ്ത്താൻ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് തമിഴ്നാട് ചെയ്തത്. ഈ സാഹചര്യത്തിലാണ് തമ്മിലടിക്കേണ്ട സമയം ഇതല്ലെന്നും ജനങ്ങളുടെ ജീവനാണ് പ്രധാനമെന്നും സുപ്രീം കോടതി പറഞ്ഞത്.

ഇടുക്കി സ്വദേശി റസ്സല്‍ റോയ്ക്ക് വേണ്ടി അഭിഭാഷകന്‍ മനോജ് ജോര്‍ജ്ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ത്വരിത നടപടി. പരമാവധി സംഭരണ ശേഷി കഴിഞ്ഞും ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക നിലനില്‍ക്കെ തമിഴ്‌നാട് സര്‍ക്കാര്‍ നിസ്സഹരണം തുടരുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന്‌ ജലനിരപ്പ് 139 അടിയായി കുറയ്ക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണമെന്ന്‌ കോടതി വ്യക്തമാക്കി. കേന്ദ്ര ജല കമ്മീഷന്റെ അധ്യക്ഷതയിലുള്ള റിപ്പോര്‍ട്ട് രാവിലെ കോടിതിക്ക് കൈമാറണം എന്ന് നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് ഉപസമിതി നിലപാടറിയിച്ചത്.

Top