സിപിഎമ്മിന്റെ എകെജി ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് അടിമപ്പണി

സിപിഎമ്മിന്റെ എകെജി ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് അടിമപ്പണി; കൂലി ചോദിച്ചാല്‍ സിഐടിയുവിന്റെ ഭീഷണി: തൊഴിലാളിപാര്‍ട്ടി മാലാഖമാരോട് ചെയ്യുന്ന ക്രൂരത

ina_kanoorകണ്ണൂര്‍ : തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നിലകൊളുന്ന സിപിഎം സ്വന്തം സ്ഥാപനത്തില്‍ തൊഴില്‍ ചൂഷണം നടത്തിയാള്‍ എന്ത് പറയണം. അങ്ങിനെയുള്ള അവസ്ഥയാണ് സിപിഎമമ്മിന്റെ നേതൃത്വത്തിലുള്ള എ കെ ജി ആശുപത്രിയില്‍ നടക്കുന്നത്. മാന്യമായ വേതനവും എട്ട് മണിക്കൂര്‍ ജോലിയും സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും സിപിഎം ആശുപത്രി നടപ്പാക്കില്ലെന്ന് വാശിപ്പിടിക്കുകയാണ്. ഇതോടെ ആശുപത്രിയിലെ നഴുസമാര്‍ വീണ്ടും സമരത്തിന് തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ സമരത്തിനൊടുവില്‍ ആശുപത്രി ഭരണസമിതി അംഗീകരിച്ച വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് നഴ്‌സിങ് ജീവനക്കാര്‍ സമരത്തിന് നോട്ടീസ് നല്‍കിയത്. കണ്ണൂരിലെ മറ്റു സ്വകാര്യാശുപത്രിയില്‍ നഴ്‌സിങ് ജീവനക്കാര്‍ സമരം നടത്തുമ്പോള്‍ അതിനു തീ പകരുന്ന സിഐടി.യു എ.കെ.ജി. ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സിഐടി.യു.നേതൃത്വത്തോട് പലതവണ തൊഴില്‍പ്രശ്‌നം ഉന്നയിച്ചിട്ടും ആശുപത്രി ഭരണസമിതിയുടെ മുന്നില്‍ മുട്ടു മടക്കുന്ന സമീപനമാണ് അവര്‍ കൈക്കൊള്ളുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

സിപിഐ(എം). സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ എം. പ്രകാശനാണ് എ.കെ.ജി. സഹകരണ ആശുപത്രി സൊസൈറ്റിയുടെ പ്രസിഡന്റ്. നൂറ്റി മുപ്പത് നഴ്‌സിങ് ജീവനക്കാരാണ് സമരത്തിനു നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരെല്ലാം ആശുപത്രിയിലെ ഏക തൊഴിലാളി സംഘടനയായ കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ (സിഐടി.യു)അംഗങ്ങളുമായിരുന്നു. 38 പേര്‍ സംഘടനയില്‍നിന്നും രാജിവച്ചു ഇന്ത്യന്‍ നേഴ്‌സ് അസോസിയേഷന്റെ യൂനിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സഹകരണ ചട്ടം അനുസരിച്ചുള്ള സേവനവേതന വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നു കാണിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

ഈ മാസം 15 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് നഴ്‌സിങ് ജീവനക്കാരുടെ തീരുമാനം. പൂര്‍ണ്ണമായും പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയില്‍ സിഐടി.യു നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടന മാത്രമാണുണ്ടായിരുന്നത്. അതിനു വിരുദ്ധമായി ഇന്തൃന്‍ നേഴ്‌സ് അസോസിയേഷന്റെ യൂണിറ്റ് രൂപീകരിച്ചത് പാര്‍ട്ടിക്ക് തലവേദനയായത്. സഹകരണ ആശുപത്രികളിലെ ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഇ. നാരായണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.

2009 ല്‍ സഹകരണ വകുപ്പ് അംഗീകരിച്ച റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം നടത്തിയത്. അന്ന് സിപിഐ(എം). ജില്ലാ നേതൃത്വം തന്നെ മുന്നിട്ടിറങ്ങി നടത്തിയ ചര്‍ച്ചയില്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വൃവസ്ഥകള്‍ പൂര്‍ണ്ണമായും അംഗീകരിച്ചില്ലെന്നാണ് ജീവനക്കാരുടെ പരാതി. വേതനം വര്‍ദ്ധിപ്പിച്ചെങ്കിലും മൂന്ന് ഷിഫ്ട് സമ്പ്രദായം, മാസത്തില്‍ 7 ദിവസം മാത്രം രാത്രി ഷിഫ്ട്, തുടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിച്ച് നടപ്പാക്കിയില്ല. ഇതാണ് ഇപ്പോഴുള്ള സമരത്തിന് കാരണമായത്.

കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ആശുപത്രികളില്‍ മൂന്ന് ഷിഫ്ട് നടപ്പാക്കണമെന്ന ആവശൃത്തിന് നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. ഇതിന് സിപിഎമ്മിന്റെ പൂര്‍ണപിന്‍തുണയും ഉണ്ടായിരുന്നു. സര്‍ക്കാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാമെന്ന് എ.കെ.ജി. സഹകരണ ആശുപത്രി മാനേജ്‌മെന്റ് ഉറപ്പു നല്‍കിയതിനാല്‍ അന്ന് ഇവിടെ മാത്രം സമരം നടന്നിരുന്നില്ല. മറ്റിടത്തെ സമരങ്ങള്‍ക്ക് സിഐടി.യു നേതൃത്വവും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സേവന വേതനവ്യവസ്ഥകള്‍ നടപ്പാക്കാന്‍ എ.കെ.ജി സഹകരണ ആശുപത്രി ഭരണസമിതി തയ്യാറാകാത്തതോടെയാണ് ഒരു വിഭാഗം നേഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നത്.

സി.എംപി.നേതാവ് എം വി രാഘവന്‍ പ്രസിഡന്റായി ആരംഭിച്ച എ.കെ.ജി. സ്മാരക സഹകരണ ആശുപത്രി സഹകരണ മേഖലയില്‍ കേരളത്തിലെതന്നെ ആദൃത്തെ ആശുപത്രി സംരംഭമായിരുന്നു. ആശുപത്രി സഹകരണസംഘം രൂപീകരിക്കുമ്പോള്‍ എം വിരാഘവന്‍ സിപിഎമ്മിലായിരുന്നു. പിന്നീട് ബദല്‍ രേഖയുടെ പേരില്‍ സിപിഐ(എം). പുറത്താക്കിയ രാഘവന്റെ കൈയിലായിരുന്നു ആശുപത്രി. സംസ്ഥാന രാഷ്ട്രീയത്തില്‍ എണ്‍പതുകളിലെ ഏറെ രാഷ്ട്രീയ വിവാദമുയര്‍ത്തിയ ആ ആശുപത്രി സംഘം സിപിഐ(എം) രാഘവനില്‍നിന്നും പിടിച്ചെടുക്കുകയായിരുന്നു.

Top