റോം: കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ഇറ്റലിയുടെ തെക്കന്‍ തീരത്ത് കുടിയേറ്റ ബോട്ട് തകര്‍ന്ന് നിരവധി മരണം. മുപ്പതോളം മൃതദേഹങ്ങള്‍ ഇറ്റാലിയന്‍ തീരസംരക്ഷണ സേന കണ്ടെടുത്തതായി ദേശീയ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
നൂറിലധികം കുടിയേറ്റക്കാരുമായി എത്തിയ ബോട്ട് പുലര്‍ച്ചെ അയോണിയന്‍ കടലില്‍വച്ചാണ് അപകടത്തില്‍പ്പെട്ടതെന്ന് കാലാബ്രിയയിലെ തീരദേശ പട്ടണത്തിനടുത്തുള്ള തുറമുഖ അധികൃതരെ ഉദ്ധരിച്ച് റേഡിയോ പറയുന്നു.
ബോട്ടിലുണ്ടായിരുന്ന നാല്‍പ്പതോളം പേരെ രക്ഷപ്പെടുത്തിയതായി അഗ്‌നിസേനാ വക്താവ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, അതിര്‍ത്തി പോലീസ്, അഗ്‌നിസേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മരിച്ചവരില്‍ ഏതാനും മാസം പ്രായമുള്ള ഒരു കുഞ്ഞും ഉള്‍പ്പെടുന്നതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എ.ജി.ഐ. അറിയിച്ചു. എന്നാല്‍ കുടിയേറ്റക്കാര്‍ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. ബോട്ട് എവിടെനിന്നു പുറപ്പെട്ടതാണെന്നും വ്യക്തമല്ല.
കാലാബ്രിയയില്‍ എത്തുന്ന കുടിയേറ്റക്കപ്പലുകളില്‍ ഏറെയും തുര്‍ക്കി, ഈജിപ്ഷ്യന്‍ തീരങ്ങളില്‍നിന്നുള്ളവയാണ്.


