കൊല്ലം: കൊല്ലത്ത് അഷ്ടമുടിക്കായലിൽ ശിക്കാര വള്ളം മുങ്ങി അപകടം. വിനോദ സഞ്ചാരികൾ സഞ്ചരിച്ച വള്ളമാണ് പെരിങ്ങാലത്തിനു തെക്കുപടിഞ്ഞാറ് ഭാഗത്ത് അപകടത്തിൽപ്പെട്ടത്.
വള്ളത്തിലുണ്ടായിരുന്ന മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം മൂന്നു കുട്ടികളെയും രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും ജീവനക്കാരെയും രക്ഷപ്പെടുത്തി.
പിന്നാലെ വന്ന സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് രക്ഷയായത്.
ബോട്ട് ജീവനക്കാരായ സാമുവൽ, രാജു, അജയകുമാർ, കൃഷ്ണൻകുട്ടി, ആദർശ് എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് ആളപായം ഒഴിവായത്.
സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ S39 നമ്പർ ബോട്ട് പെരിങ്ങാലത്തിനും കോയിവിളക്കും ഇടയിൽ സർവീസ് നടത്തവെയാണ് ശിക്കാര വള്ളം മുങ്ങുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ബോട്ട് തിരിച്ചു വള്ളത്തിന് അടുത്തെത്തിച്ചപ്പോഴേക്കും വള്ളം പകുതിയിലധികം മുങ്ങിയിരുന്നു. പെട്ടെന്ന് വള്ളത്തിൽ ഉണ്ടായിരുന്ന എട്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു.