ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍ വേണമെന്ന് ഹര്‍ജി; ശുദ്ധ മണ്ടത്തരമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ശുദ്ധ മണ്ടത്തരമാണ് ഈ ആവശ്യമെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.

രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ മമത റാണിയാണ് കോടതിയെ സമീപിച്ചത്. ഇത്തരം ബന്ധങ്ങള്‍ക്ക് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ തികച്ചും അസംബന്ധമായ കാര്യമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ലിവ് ഇന്‍ റിലേഷന്‍ എന്ന സംവിധാനം ഇല്ലാതാക്കാനാണോ ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്ന ചോദ്യവും ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ച് ഉന്നയിച്ചു.

എന്ത് ആവശ്യവുമായും സുപ്രീംകോടതിയെ സമീപിക്കാം എന്നാണോ ഹര്‍ജി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന ബെഞ്ച് ചോദിച്ചു. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കൂം എന്ന മുന്നറിയിപ്പും കോടതി നല്‍കി.

ആളുകള്‍ ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ്?, അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ശ്രമിക്കുകയാണോ?, അതോ ഈ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണോ നടത്തുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

ലിവിംഗ് ടുഗദെര്‍ ബന്ധങ്ങളിലെ പങ്കാളിയാല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഡല്‍ഹിയിലെ ശ്രദ്ധാ വാല്‍ക്കറിന്റെ കൊലപാതകമുള്‍പ്പെടെ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.

Top