ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വാദം ഉച്ചക്ക് ശേഷം

ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ടേറ്റ് കോടതി ഇന്ന് ഉച്ചക്ക് ശേഷം വാദം കേള്‍ക്കും. 60 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി പൂര്‍ത്തിയായാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. നടിയെ അക്രമിച്ച കേസിലെ ആദ്യ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376 ഡി വകുപ്പ് അനുസരിച്ചുള്ള കുറ്റകൃത്യം ചുമത്തിയിട്ടില്ല. നടിക്കെതിരായ കുറ്റകൃത്യത്തില്‍ ദിലീപ് നേരിട്ട് പങ്കെടുത്തിട്ടുമില്ല. ഇതിന്റെ ഗൂഡാലോചനക്കുറ്റമാണ് ചുമത്തിയത്.അതുകൊണ്ട് തന്നെ ക്രിമിനല്‍ നടപടിചട്ടത്തിലെ 167 (2) വകുപ്പ് പ്രാകാരം ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പിച്ചിരിക്കുന്നത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ 60 ദിവസം പൂര്‍ത്തിയായാല്‍ കുറ്റപത്രം സമര്‍പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. രാകേഷ് കുമാര്‍ പോള്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് ആസാം കേസില്‍ ഓഗസ്റ്റ് 16ലെ വിധിയില്‍ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കുന്നു. സുപ്രിംകോടതി വ്യക്തത വരുത്തിയ ഏറ്റവും പുതിയ വിധി ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പിച്ചിരിക്കുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിന് ശേഷം ഇത് നാലാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പിച്ചത്. രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.

Top