പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ബില്ലടയ്ക്കാന്‍ സാധിക്കാത്തതോടെ സ്വകാര്യ ആശുപത്രി ഇവരെ തടഞ്ഞുവെച്ചു. ലളിതാദേവിക്കും കുടുംബത്തിനുമാണു ഈ ദുരനുഭവം. ആശുപത്രിയുടെ തടങ്കലിലായ അമ്മയെ രക്ഷിക്കാന്‍ ഏഴുവയസ്സുകാരന്റെ ഭിക്ഷാടനത്തിനിറങ്ങി. മാധേപ്പുരയില്‍ നിന്നുള്ള ലളിതയെ (31) കഴിഞ്ഞ 14ന് ആണു പട്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് നിര്‍ധന്‍ റാം 25,000 രൂപ ആശുപത്രിയില്‍ അടച്ചിരുന്നു. അടുത്തദിവസം യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. തുടര്‍ന്നു 30,000 രൂപ കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പണമില്ലെന്നു നിര്‍ധന്‍ പറഞ്ഞതോടെ യുവതിയെ വിട്ടയയ്ക്കില്ലെന്നായിരുന്നു മറുപടി. നിസ്സഹായാവസ്ഥയിലായ നിര്‍ധനും മകന്‍ കുന്ദനും ഗ്രാമത്തിലേക്കു മടങ്ങി. നാട്ടുകാരില്‍ നിന്നു പണം കണ്ടെത്താനായിരുന്നു ശ്രമം. കുന്ദന്‍ ഭിക്ഷയാചിച്ചു തെരുവിലിറങ്ങുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ സ്ഥലം എംപിയായ പപ്പു യാദവിനെ വിവരമറിയിച്ചു. അദ്ദേഹം പൊലീസ് സഹായത്തോടെ 12 ദിവസം ആശുപത്രിയില്‍ തടഞ്ഞുവച്ച യുവതിയെ മോചിപ്പിച്ചു.


