ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ മനുഷ്യ ബീജം നിറച്ച ബലൂണുകള്‍ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ എറിയുന്നുവെന്ന ആരോപണത്തില്‍ വന്‍ വഴിത്തിരിവ്. ബീജം നിറച്ച ബലൂണ്‍ എറിഞ്ഞ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകക്ക് വഴിവച്ചിരുന്നു. തലസ്ഥാന നഗരത്തിലെ സ്ത്രീകള്‍കളെ ഏറെ ഭയപ്പെടുത്തിയ ബലൂണ്‍ വിവാദത്തിനെ ട്വിറ്ററില്‍ കൂടി പൊളിച്ചിരിക്കുകയാണ് ഒരു ഡോക്ടര്‍.
കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍ ജഗദീഷ് ജെ ഹിരെമുത് ആണ് ബലൂണ്‍ വിവാദത്തെ പ്രതിരോധിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഗുഡ് ഡോക്ടര്‍ എന്ന പേരിലാണ് ഇദ്ദേഹത്തിന്റെ ട്വീറ്റുകള്‍. ബലൂണിനകത്ത് ഒരിക്കലും ശുക്ലം ശേഖരിക്കാന്‍ സാധ്യമല്ലെന്ന വാദമുയര്‍ത്തിയാണ് ഡല്‍ഹിയില്‍ ഏറെ വിവാദമുയര്‍ത്തിയ വിഷയത്തെ ഡോക്ടര്‍ വ്യാജ പ്രചാരണമാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നത്.
ചായം നിറച്ച ബലൂണുകള്‍ക്ക് പകരം ചില സാമൂഹ്യ ദ്രോഹികള്‍ ശുക്ലം നിറച്ച് ബലൂണെറിഞ്ഞ് ഹോളി ആഘോഷിച്ചെന്ന് എല്‍എസ്ആര്‍ കോളേജ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയുമായി. അതിനിടെയാണ് ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ മറ്റ് കോളേജുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും സമാന പരാതികള്‍ ഉയര്‍ന്നത്. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഡല്‍ഹി പോലീസ് ആസ്ഥാനത്ത് പ്രതിഷധം സംഘടിപ്പിച്ചിരുന്നു.
വിഷയം ചൂടുള്ള ചര്‍ച്ചയായതോടെയാണ് ബലൂണ്‍ വാദത്തിനെതിരെ ഡോക്ടര്‍ രംഗത്ത് വന്നിരിക്കുന്നത്. അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ എത്തിയാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ശുക്ലം ഉണങ്ങിപ്പോകുമെന്നും അതിനാലാണ് സ്പേം ബാങ്കുകളില്‍ ഇത് പ്രത്യേകം തയ്യാറാക്കിയ ട്യൂബുകളില്‍ ശേഖരിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു.
ബലൂണിനകത്ത് ശുക്ലം നിറച്ച് എറിഞ്ഞുവെന്ന വാദത്തെ ഇദ്ദേഹം ഖണ്ഡിക്കുന്നു. അരോഗ്യവാനായ പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ ആദ്യ സ്ഖലനത്തില്‍ അഞ്ച് മില്ലി ശുക്ലം മാത്രമാണ് ഉണ്ടാവുക. വീണ്ടും സ്ഖലനമുണ്ടായാല്‍ ഇതിന്റെ അളവ് കുറയുമെന്നും പിന്നീട് വീണ്ടും സ്ഖലനം നടത്തിയാല്‍ വേദനയാണ് ഉണ്ടാവുകയെന്നും ഡോക്ടര്‍ പറയുന്നു.
പുരുഷന്‍മാര്‍ അവരുടെ വൃക്ഷണ സഞ്ചിയില്‍ വീഞ്ഞുകുപ്പിയല്ല കൊണ്ടുനടക്കുന്നതെന്ന പരിഹാസവും ഡോക്ടര്‍ ജഗദീഷ് പങ്കുവെക്കുന്നു. ഈ കണക്ക് നോക്കിയാല്‍ ഒരു ബലൂണില്‍ ശുക്ലം നിറയ്ക്കാന്‍ ഒരേസമയം നുറിലധികം ആളുകള്‍ പരിശ്രമിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. ജലവുമായോ മറ്റെന്തെങ്കിലും ദ്രാവകവുമായോ കലരുകയാണെങ്കില്‍ ശുക്ലം കട്ടപിടിച്ച് നശിച്ചുപോകാനും സാധ്യതതയുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
0.5 മില്ലി മുതല്‍ ഒരു മില്ലീ വരെയുള്ള ദ്രവീകൃത നൈട്രജന്‍ നിറച്ചിട്ടുള്ള ടാങ്കിനുള്ളിലാണ് ശുക്ലം സ്വാഭാവിക രൂപത്തില്‍ സംഭരിച്ച് വെക്കുക. ബലൂണിനുള്ളില്‍ ശുക്ലവും ദ്രവീകൃത നൈട്രജനും ശേഖരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് ഗൃഹപാഠം ചെയ്യണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ട്വീറ്റുകള്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ബീജം നിറച്ച ബലൂണ്‍ എറിയുന്നുവെന്ന പരാതി കെട്ടിച്ചമച്ചതോ അജ്ഞത മൂലമോ ഉണ്ടായതാകാമെന്നാണ് ഇപ്പോള്‍ ട്വിറ്റര്‍ ചര്‍ച്ച ചെയ്യുന്നത്.



