കുളിമുറിയില്‍ കാല്‍ വഴുതി വീണ് സീരിയല്‍ താരം മരിച്ചു; കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മ കുറിപ്പുമായി മനോജ് കുമാര്‍

സീരിയല്‍ താരം ഹരുണ്‍ അന്തരിച്ചു. ഒരു സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലില്‍ അപ്പുണ്ണി എന്ന കഥാപാത്രത്തെയാണ് ഹരുണ്‍ അവതരിപ്പിച്ചിരുന്നത്. കുളിമുറിയില്‍ കാല്‍വഴുതി വീണതിനെ തുടര്‍ന്ന് തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം. എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്നു ഹരുണ്‍. സീരിയലില്‍ ഹരുണിന്റെ അച്ഛന്റെ കഥാപാത്രമായിരുന്നു മനോജ് കുമാര്‍ അവസരിപ്പിച്ചത്. കുറച്ച് മാസങ്ങള്‍ മാത്രമാണ് ഒരുമിച്ചഭിനയിച്ചതെങ്കിലും ഹരുണ്‍ തനിക്ക് മകനെ പോലെ തന്നെയായിരുന്നുവെന്ന് മനോജ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ വേര്‍പാട് തന്നെ ഒരുപാട് വേദനിപ്പിക്കുന്നുവെന്നും മനോജ് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് എന്നെ ആകെ തളര്‍ത്തി കളഞ്ഞ ഒരു ദുരന്ത വാര്‍ത്ത… ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളില്‍ എന്റെ മകന്‍ അപ്പുണ്ണിയുടെ മുതിര്‍ന്ന വേഷം ചെയ്ത ഹരുണ്‍ ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയി…. കുളിമുറിയില്‍ കാല്‍ വഴുതി തലയടിച്ചു വീണതാണ് അവന് ഈ ദുരന്തം വരാന്‍ കാരണം…. കുറച്ചു മാസത്തെ അഭിനയമാണെങ്കിലും അവന് ഞാന്‍ അച്ഛനും എനിക്ക് അവന്‍ മോനുമായിരുന്നു… അതുകൊണ്ടുതന്നെ ഒരു സ്‌നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു…. കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അവന്‍… പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്….. ഒപ്പം ഞങ്ങളുടേയും…. മോനേ ഹരുണ്‍ … ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തില്‍ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാന്‍ ഇനി എന്റെ കയ്യില്‍ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു….. നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ ഈ ‘ അച്ഛന്‍’ പ്രാര്‍ത്ഥിക്കുന്നു…. ഒപ്പം ഒരേ ഒരു പുത്രനെ നഷ്ട്ടപ്പെട്ട് ജീവതത്തില്‍ ഇനി മുന്നോട്ട് നോക്കുമ്പോള്‍ ഇരുട്ടും ശൂന്യതയും മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ നിന്റെ മാതാപിതാക്കള്‍ക്ക് ശക്തിയും ആത്മബലവും നല്‍കണേയെന്ന് സര്‍വ്വേശ്വരനോട് മനമുരുകി പ്രാര്‍ത്ഥിക്കുന്നു…. ദൈവമേ….. ആര്‍ക്കും ഇങ്ങനെ ഒരു ദുര്‍വ്വിധി വരുത്തല്ലേ….

Top