തിരുവനന്തപുരം: ബിജെപിയുമായുള്ള നീരസം അവസാനിച്ചതോടെ സുരേഷ് ഗോപിക്ക് വിഷു ബോണസ് ലഭിച്ചതു പോലെയായി. രാജ്യസഭാ എംപിയാകാന്‍ പോകുകയാണ് താരം. താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് രാഷ്ട്രത്തിനുവേണ്ടിയാണെന്ന് പ്രശസ്ത താരം സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യസഭ എംപിയായി സുരേഷ് ഗോപിയെ നാമനിര്‍ദേശം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പ്രധാനമന്ത്രി നിര്‍ദേശിച്ചു എന്നല്ലാതെ ഇതില്‍ രാഷ്ട്രീയമില്ല.
പല ദൗത്യങ്ങളും നിറവേറ്റാനുണ്ട്. രാഷ്ട്രത്തിനുവേണ്ടി പല കാര്യങ്ങളും ചെയ്യാനുണ്ട്. അതില്‍ ആദ്യം ചെയ്യാനുള്ളത് വറ്റി വരളുന്ന നദികളുടെ വീണ്ടെടുപ്പിനായി പ്രവര്‍ത്തിക്കുക എന്നതാണ്. കേരളത്തെ 25 വര്‍ഷത്തിനപ്പുറമുള്ള വികസനത്തിലേക്ക് എത്തിക്കാനാണ് തന്റെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എംപി സ്ഥാനം കേരളത്തിന് ലഭിച്ച അംഗീകാരമാണ്. ഒരിക്കലും ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിട്ടില്ല. കേരളത്തിലുടനീളം പരമാവധി പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലും സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് സ്വാഗതാര്‍ഹമാണെന്ന് രാജഗോപാല്‍ പ്രതികരിച്ചു. നേരത്തെ വരേണ്ടിയിരുന്ന തീരുമാനമായിരുന്നു. എന്നാലും ഇപ്പോഴത്തെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാകാരന്മാരുടെ പട്ടികയിലാണ് സുരേഷ് ഗോപിയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം വൈകാതെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി സുരേഷ് ഗോപി സജീവമായി പ്രചാരണരംഗത്തുണ്ട്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചത്.