നീയാണ് ബിക്കിനി ധരിച്ചത്, നീ വാങ്ങിയ ബീയറാണ്: മാധുരിക്ക് പിന്തുണയുമായി കസ്തൂരി

ജോസഫ് എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് മാധുരി ബ്രഗാന്‍സാ. എന്നാല്‍ അടുത്തിടെ മാധുരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രം ആരാധകരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

വിമര്‍ശനവും കടന്ന് മലയാളികളുടെ വികാരം തെറിവിളിയായി മാധുരിയുടെ പേജില്‍ നിറഞ്ഞു. ഇതിനെ തുടര്‍ന്ന് താരം ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, മാധുരിയുടെ ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍കാല നായിക കസ്തൂരി.

ട്രോളന്മാരുടെ ബഹളം കേട്ട് ചിത്രങ്ങള്‍ പിന്‍വലിച്ചതെന്തിനെന്നാണ് കസ്തൂരി മാധുരിയോട് ചോദിക്കുന്നത്. കസ്തൂരി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചതിങ്ങനെ: ‘നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകള്‍ക്ക് വഴങ്ങി കൊടുക്കണം എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം ചിലര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ’.

കസ്തൂരിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ‘ബാത്തിംഗ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കു വച്ചാല്‍ ഇതാണോ അവസ്ഥ.. വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്.’ എന്നാണ് തന്റെ നേര്‍ക്കുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മാധുരി നേരത്തെ നല്‍കിയ മറുപടി.

മലയാളികളുടെ കപട സദാചാര ബോധത്തിന്റെ പ്രകാശനമാണ് മാധുരിയുടെ പേജില്‍ നിറഞ്ഞ തെറികള്‍. മാധുരി ശരീരം കാണിച്ചെന്ന് ആരോപിച്ച് കേട്ടാലറയ്ക്കുന്ന തെറി വിളിക്കാന്‍ മലയാളിയ്ക്ക് യാതൊരു മടിയും ഉണ്ടായില്ല. ഈ കപടതയെയാണ് കസ്തൂരി ചോദ്യം ചെയ്യുന്നത്.

Top