അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി.ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്‍; പൊട്ടിക്കരഞ്ഞ് മാർട്ടിൻ ആൻ്റണി,കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ, വിധി 3.30ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് പ്രതികൾക്ക് എന്നാണ് പറയാൻ ഉള്ളതെന്നായിരുന്നു കോടതി പ്രതികളോട് ഓരോരുത്തരോടുമായി ആരാഞ്ഞത്. ജഡ്ജി ആദ്യം വിളിച്ചത് പള്‍സര്‍ സുനിയെയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. വീട്ടില്‍ അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി പറഞ്ഞു. രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന് അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. പ്രായമായ മാതാപിതാക്കളാണ് വീട്ടിലുള്ളത്. താന്‍ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് വീടുപോറ്റുന്നത്. തന്റെ നിരപരാധിത്വം മനസ്സിലാക്കി ജയില്‍ മോചിതനാക്കണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠൻ കോടതിയിൽ പറഞ്ഞത്. ജയിൽശിക്ഷ ഒഴിവാക്കി നൽകണമെന്നും മണികണ്ഠൻ കോടതിയോട് അഭ്യർത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചത്. കണ്ണൂർ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാൾ സലിം കോടതിയിൽ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിൻ്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ പറഞ്ഞത്. പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യരുത് എന്ന വിചാരണ കോടതി ജഡ്ജി മുന്നറിയിപ്പ് നൽകിയിരുന്നു. ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും വിചാരണക്കോടതി ചൂണ്ടിക്കാണിച്ചു.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതിയാണ് യഥാർത്ഥ പ്രതിയെന്നും മറ്റുള്ളവർ ഒന്നാം പ്രതിയെ സഹായിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ്റെ വാദത്തിന് മറുപടിയായി വിചാരണ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കൂട്ടബലാത്സംഗക്കുറ്റത്തിലെ ശിക്ഷയിലാണ് ചോദ്യമെന്നും ക്രിമിനൽ ഗൂഡാലോചനയിലെ ശിക്ഷയിലല്ല ചോദ്യമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജീവപര്യന്തം നൽകിയില്ലെങ്കിൽ എന്തുകൊണ്ടെന്ന കാരണം വ്യക്തമാക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി 20 വർഷമാണ് (കുറഞ്ഞ ശിക്ഷ) നൽകുന്നതെങ്കിലും കാരണം ശിക്ഷാവിധിയിൽ ബോധ്യപ്പെടുത്തണമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വ്യക്തത തേടുന്നത് എന്നും കോടതി ചൂണ്ടിക്കാണിച്ചു. 376(ഡി) പ്രകാരം നടന്നത് കൂട്ടബലാത്സം​ഗമാണെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി പറഞ്ഞു. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയും മറ്റുപ്രതികളും ചെയ്ത ശിക്ഷയ്ക്ക് വ്യത്യാസമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.നടിയെ ആക്രമിച്ച കേസ് യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു.

പ്രോസിക്യൂഷൻ വാദത്തിന് ശേഷം പ്രതിഭാഗം വാദവും വാദമുഖങ്ങൾ അവതരിപ്പിച്ചു. അനുകൂല സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്ക് മാനസാന്തരത്തിന് അവസരമൊരുക്കണമെന്നും പ്രതിഭാഗം വാദിച്ചു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ മാക്സിമം ശിക്ഷ നൽകാൻ ആകൂവെന്നായിരുന്നു പൾസ‍ർ സുനിയുടെ അഭിഭാഷകൻ്റെ വാദം. അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു വിചാരണ കോടതിയുടെ ഇതിനോടുള്ള പ്രതികരണം. സ്ത്രീയുടെ സകല അന്തസ്സും അഭിമാനവും(supreme dignity) പ്രധാനം അല്ലെ എന്നും കോടതി ചോദിച്ചു. പ്രതിഭാ​ഗത്തിൻ്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു.

സുനിയുടെ അമ്മ രോഗിയെന്നും അമ്മയുടെ അസുഖം പരിഗണിക്കണമെന്നും പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചു. രണ്ടാം പ്രതി മാർട്ടിൻ്റെ അഭിഭാഷകൻ ഓൺലൈനായാണ് വാ​ദത്തിന് ഹാജരായത്. ഏറ്റവും കുറഞ്ഞ ശിക്ഷ തൻ്റെ കക്ഷിക്ക് നൽകണമെന്നായിരുന്നു മാ‍ർ‌ട്ടിൻ്റെ അഭിഭാഷകൻ വാദിച്ചത്. കൂട്ടബലാത്സം​ഗ കുറ്റം ബാധകമല്ലെന്നും മാ‍‍ർ‌ട്ടിൻ ഒകു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലെന്നും മാർട്ടിൻ്റെ അഭിഭാഷകൻ വാദിച്ചു. ഇന്ന് തന്നെ ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കുടുംബ പ്രാബ്ധങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു മൂന്നാം പ്രതി അഭിഭാഷകൻ്റെ വാദം. ഒന്നര സെൻ്റ് സ്ഥലത്താണ് കടുംബം താമസിക്കുന്നതെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും മണികണ്ഠൻ്റെ അഭിഭാഷകൻ വാദിച്ചു. ഒരു പെറ്റികേസിൽ പോലും മണികണ്ഠൻ പ്രതിയല്ലെന്നും റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്നും കുറയ്ക്കണമെന്നും മണികണ്ഠൻ്റെ വക്കീൽ ആഭ്യർത്ഥിച്ചു.

കേസ് തുടങ്ങിയപ്പോൾ മുതൽ ഓരോരുത്തരും സ്വാർത്ഥ താൽപ്പര്യത്തിനായി ഓരോന്ന് ചെയ്തു അത് ഇനിയും ആവർത്തിക്കരുതെന്നും പ്രതിഭാ​ഗം വാദത്തിനിടെ കോടതി മുന്നറിയിപ്പ് നൽകി. അഭിപ്രായം പറയാൻ താൽപര്യമുള്ളവർ വിധിന്യായം വായിക്കണമെന്നും ‌പ്രതിഭാഗം വാദം ഉന്നയിക്കുന്നതിൽ പ്രൊസിക്യൂഷൻ ആശങ്കപ്പെടേണ്ടെന്നും പ്രതിഭാ​ഗം വാദത്തിനിടെ കോടതിയുടെ പരാമർശം ഉണ്ടായി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ശിക്ഷാവിധി ഉണ്ടാകുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോർട്ടർ ടിവിക്കെതിരെ എട്ടാം പ്രതിയായിരുന്ന ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജിയും കോടതി പരി​ഗണിച്ചു. കോടതി അലക്ഷ്യ ഹ‍ർജികളിൽ സംസ്ഥാന സ‍ർക്കാരിനെ കോടതി എതി‌ർകക്ഷിയാക്കി. കോടതിയലക്ഷ്യ ഹ‍ർജികൾ ഡിസംബർ 18ന് പരി​ഗണിക്കനായി കോടതി മാറ്റി.

കുറ്റവിമുക്തനാക്കിയതിനാല്‍ കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായില്ല. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്. ജീവപര്യന്തം തടവോ അല്ലെങ്കില്‍ കുറഞ്ഞത് 20 വര്‍ഷം കഠിനതടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ശിക്ഷ പ്രഖ്യാപിച്ചശേഷമേ വിധിപ്പകര്‍പ്പ് ലഭിക്കൂ. ദിലീപടക്കമുള്ളവരെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കിയെന്നത് ഉത്തരവ് പുറത്തുവന്നാലെ വ്യക്തമാകൂ. ഉത്തരവ് പുറത്തുവന്നാലുടന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നാണ് വിവരം.

 

Top