ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിട്ടുവീഴ്ച്ചക്കില്ലാതായതോടെ പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ഗാന്ധി ഇടപെടുന്നു. രാഹുലും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും അടക്കമുള്ള ഹൈക്കമാന്‍ഡിലെ ഉന്നതര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നലെ രാത്രി വൈകി വരെ പലവട്ടം ചര്‍ച്ച നടത്തി. ഇരുകൂട്ടരും വാശിയോടെ കാര്യങ്ങളില്‍ ഉറച്ച നിലപാട് തുടരുന്നതിനാല്‍ സമവായ ചര്‍ച്ചകളും പ്രതിസന്ധിയിലായി.
ഇന്നു രാവിലെ 11: 30 നു സ്‌ക്രീനീംഗ് കമ്മിറ്റി ചേരും. കൂടുതല്‍ തവണ മത്സരിച്ചതും ആരോപണങ്ങള്‍ ഉയര്‍ന്നതുമാണ് ചിലരുടെ അയോഗ്യതയെങ്കില്‍ ഇതെല്ലാം തനിക്കും ബാധകമാണെന്നും താന്‍ തന്നെ മാറി നില്‍ക്കാമെന്നും ഉമ്മന്‍ ചാണ്ടി നിലപാടു സ്വീകരിച്ചു. അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, കെ. ബാബു, ബെന്നി ബഹനാന്‍, എ.ടി. ജോര്‍ജ് എന്നിവരെ ഒഴിവാക്കണമെന്ന തന്റെ നിര്‍ദേശം പാര്‍ട്ടിയുടെയും ജനങ്ങളുടെയും താത്പര്യമാണെന്നും തന്റെ നിലപാടു മാറ്റേണ്ട സാഹചര്യമില്ലെന്നും സുധീരനും വ്യക്തമാക്കി. നായകന്‍ തന്നെ മാറാമെന്ന മുഖ്യമന്ത്രിയുടെ വജ്രായുധത്തിനു മുന്നിലും കെപിസിസി പ്രസിഡന്റ് വഴങ്ങാത്തതു എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖരെയും ഹൈക്കമാന്‍ഡിലെ തന്നെ ചിലരെയും പ്രകോപിതരാക്കിയെന്നും സൂചനയുണ്ട്.
വിട്ടുവീഴ്ചയ്ക്കു മടിച്ചുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെയും സുധീരനെയും അനുനയിപ്പിക്കാന്‍ പലതലത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ നാളെ രാവിലെ വിജയം കണേ്ടക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഒത്തുതീര്‍പ്പിനായി ആരൊക്കെ ബലിയാടുകളാകുമെന്നതില്‍ ആര്‍ക്കും തീര്‍ച്ചയില്ല.
സുധീരന്‍ നിര്‍ദേശിച്ച അഞ്ചു സീറ്റുകളില്‍ രണെ്ടണ്ണത്തില്‍ പുതിയ സ്ഥാനാര്‍ഥികളെ പരിഗണിക്കുന്ന ഒത്തുതീര്‍പ്പു ഫോര്‍മുല ഉണ്ടായാലും അത്ഭുതപ്പെടാനില്ല. പരിഹരിക്കാവുന്ന തര്‍ക്കങ്ങളേ ഉള്ളുവെന്നും നാളെ അന്തിമ പട്ടിക പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. അമ്പതോളം മണ്ഡലങ്ങളില്‍ ഏകദേശ ധാരണയായി. 49 സീറ്റുകളില്‍ ഒറ്റ പേരിലേക്കു ധാരണയായെന്ന ദീപികയുടെ റിപ്പോര്‍ട്ട് നേതാക്കള്‍ ശരിവച്ചു. ബാക്കി 33 സീറ്റുകളില്‍ പത്തു സീറ്റില്‍ പോലും തര്‍ക്കം ശേഷിക്കുന്നില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു.
അഞ്ചു പേരുടെ കാര്യത്തിലെങ്കിലും മാറ്റം വേണമെന്ന സുധീരന്റെ നിലപാടില്‍ തട്ടി ചൊവ്വാഴ്ച സ്‌ക്രീനിംഗ് കമ്മിറ്റി യോഗം പിരിഞ്ഞ ശേഷം ഇന്നലെ സമവായത്തിനു ഹൈക്കമാന്‍ഡ് ഇടപെടുകയായിരുന്നു. രാഹുലിന്റെ വസതി, കേരളാ ഹൗസ്, ആന്റണിയുടെ വസതി എന്നിവിടങ്ങളിലായിരുന്നു മുഖ്യമായും സമവായ ചര്‍ച്ചകള്‍ നടന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പല നേതാക്കളും കെ.വി. തോമസ് എംപിയുടെ വീട്ടിലെത്തിയും ചര്‍ച്ച നടത്തി. ആരോപണ വിധേയരായ മന്ത്രിമാരെ മാറ്റുകയാണെങ്കില്‍ താനും മാറി നില്‍ക്കാമെന്ന നിലപാട് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ നന്മയ്ക്കായി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നു സുധീരനും ഹൈക്കമാന്‍ഡിനെ അറിയിച്ചു.
സുധീരന്റെ പിടിവാശി ദോഷം ചെയ്യുകയേയുള്ളൂ എന്ന നിലപാടിലാണെങ്കിലും ചെന്നിത്തല മധ്യസ്ഥ ശ്രമങ്ങളുമായി സജീവമായിരുന്നു. തിരുവനന്തപുരത്തേക്കു പോകാന്‍ ഇന്നലെ രാവിലെ വിമാനത്താവളത്തിലെത്തിയ ശേഷമാണു വിമാനം വൈകിയതിന്റെ പേരില്‍ മുഖ്യമന്ത്രി യാത്ര റദ്ദാക്കി കേരളാഹൗസിലേക്ക് മടങ്ങിയത്. സംസ്ഥാനത്തെ മൂന്നു നേതാക്കളും ഒരുമിച്ചിരുന്നുള്ള ചര്‍ച്ചയുടെ സാധ്യതകളും ഹൈക്കമാന്‍ഡ് ആരായുന്നുണ്ട്.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുപോലെ ഭിന്നതയില്ലെന്നും പരിഹാരമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയുമായി ഉച്ചയോടെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വി.എം. സുധീരന്‍ പറഞ്ഞു. ഉച്ചകഴിഞ്ഞു മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും രാഹുലിനെ കണ്ടു. ആര്യാടന്‍ മുഹമ്മദും എം.എം. ഹസനും ബെന്നി ബഹനാനും വൈകുന്നേരം രാഹുലിനെ കണ്ടിരുന്നു. സോണിയാഗാന്ധി ഇന്നലെ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല.
ഇതിനിടെ, കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസനും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് എം. ലിജുവും കായംകുളം സീറ്റിനായി ഇന്നലെയും രംഗത്തുണ്ട്. ഹസനു സീറ്റ് നല്‍കിയാല്‍ കായംകുളത്ത് കഴിഞ്ഞ തവണ മത്‌സരിച്ച ലിജുവിനു മറ്റൊരു മണ്ഡലം കണെ്ടത്തേണ്ടി വരും. ഐഎന്‍ടിയുസി ദേശീയ നേതാവ് ആര്‍. ചന്ദ്രശേഖരന്‍ കൊട്ടാരക്കര സീറ്റിനായി പരിഗണനയിലുണ്ട്.


