എയർ ഇന്ത്യ ജീവനക്കാരിയെ യാത്രക്കാരി കരണത്തടിച്ചു; ജീവനക്കാരി തിരിച്ചടിച്ചു..

യാത്രക്കാരനെ ഇൻഡിഗോ വിമാനത്തിലെ ജീവനക്കാർ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലായിട്ട് ഒരു മാസം പോലും തികഞ്ഞില്ല. തലസ്ഥാന നഗരമായ ദില്ലിയിൽ നിന്നും ഇതാ സമാനമായ മറ്റൊരു സംഭവം. എയർ ഇന്ത്യ വിമാനത്തിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. യാത്രക്കാരിയും എയർ ഇന്ത്യ ജീവനക്കാരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടുകയായിരുന്നു. ദില്ലിയിൽ നിന്നും അഹമ്മദാബാദിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരി വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് യുവതിയും എയർ ഇന്ത്യ ജീവനക്കാരിയും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ ഇവരെ ഉദ്യോഗസ്ഥ മാനേജരുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യാത്രക്കാരിയായ യുവതി ജിവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു. അടികിട്ടിയ ജീവനക്കാരി തിരിച്ച് യാത്രക്കാരിയെയും അടിച്ചു. സംഭവം കയ്യാങ്കളിയായി മാറുകയായിരുന്നു. യാത്രക്കാരിയാണ് ജീവനക്കാരിയെ ആദ്യം തല്ലിയത് എന്നാണ് പോലീസ് പറയുന്നത്. രണ്ടുപേരെയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പരസ്പരം ക്ഷമ പറഞ്ഞ് സംഭവം ഒത്തുതീർപ്പാക്കുകയാണ് ഉണ്ടായത്. എന്തായാലും എയർലൈൻ കമ്പനികൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്.

Top