2019 ൽ മോദിയില്ല: യോഗി ആദിത്യനാഥ് പ്രധാനമന്ത്രി സ്ഥാനാർഥി; ഹൈന്ദവ അജണ്ട നടപ്പാക്കാൻ മോദി പോരെന്ന് ആർഎസ്എസ്

 

ന്യൂഡൽഹി: 2019 ൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയോഗിക്കാൻ ആർഎസ്എസ് നീക്കം. ഇതിനു മുന്നോടിയായുള്ള പ്രചാരണം ആർഎസ്എസ് നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. 2019 ലും മോഡി തന്നെ പ്രധാനമന്ത്രിയാകുമെന്നു ബിജെപി ദേശീയ നിർവാഹക സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്കു ഉയർത്തിക്കാട്ടാൻ ആർഎസ്എസ് ആലോചിക്കുന്നത്.
യുപിയിലെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക എന്ന അജണ്ടയോടെയാണ് സംഘപരിവാർ സംഘടനകൾ യുപിയിൽ ബിജെപിയെ വിജയിപ്പിച്ചതും, ഇവിടെ യോഗി ആദിത്യനാഥിനെ തന്നെ മുഖ്യമന്ത്രിയാക്കിയതും. എന്നാൽ, നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കിയെങ്കിലും രാജ്യത്തെല്ലായിടത്തും ഹൈന്ദവ അജണ്ട നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു ഇനിയും സാധിക്കുന്നില്ലെന്നാണ് ആർഎസ്എസ് നേതൃത്വം വിലയിരുത്തുന്നത്. നരേന്ദ്രമോദിയുടെ അജണ്ടകൾ പൂർണമായും ഒരു വിഭാഗം കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ.
രാജ്യത്തെമ്പാടും ഗോവധ നിരോധനം ഏർപ്പെടുത്തണം, തലാഖും, ഒന്നിലധികം മുസ്ലീം വിവാഹങ്ങളും നിരോധിക്കണം, ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം, ഏകീകൃത സിവിൽ കോഡിൽ കൂടുതൽ ഹൈന്ദവ നയങ്ങൾ കൂട്ടിച്ചേർക്കണം എന്നിവ അടക്കമുള്ള കാര്യങ്ങളിൽ ഇനിയും പ്രധാനമന്ത്രി നരേന്ദ്രമോദി മനസുതുറന്ന് ആർഎസ്എസ് അജണ്ട നടപ്പാക്കാൻ പൂർണമായും രംഗത്ത് ഇറങ്ങിയിട്ടില്ല.
ഇതുകൊണ്ടു തന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമമന്ത്രി സ്ഥാനത്തേയ്ക്കു യോഗി ആദിത്യനാഥിന്റെ പേരാണ് ആർഎസ്എസ് നേതൃത്വം പരിഗണിക്കുന്നത്. മോദിയുടെ പ്രഭാവനത്തിൽ 2019 ലെ തിരഞ്ഞെടുപ്പു വിജയിക്കാനാവുമെന്നും ഇതിനു ശേഷം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു യോഗി ആദിത്യനാഥിനെ നിയോഗിക്കാനാവുമെന്നുമാണ് ആർഎസ്എസ് നേതൃത്വം കണക്കു കൂട്ടുന്നത്.

Top