അമിത്ഷാ പ്രതിയായ കേസ്: ജഡ്ജിയെ കൊന്നു..!

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: കേന്ദ്രത്തിൽ അധികാരം പിടിക്കാൻ ബിജെപി നടത്തിയ കള്ളക്കളികൾ ഓരോന്നായി പുറത്തു വരുന്നതായി റിപ്പോർട്ട്. ഗുജറാത്ത് കലാപവും, വ്യാജ ഏറ്റുമുട്ടലുകൾക്കും പിന്നാലെ സൊഹ്‌റൂബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേസ് പരിഗണിച്ചിരുന്ന ജഡ്ജിയുടെ മരണം കൊലപാതകമായിരുന്നെന്ന് ആരോപണം. ജഡ്ജി ബ്രിജ് ഗോപാൽ ഹരികൃഷ്ണലോയയുടെ ബന്ധുക്കളാണ് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമമായ ‘കാരവൻ’ മാഗസിനിലെ സ്പെഷ്യൽ കറസ്പോണ്ടന്റുമായി നടത്തിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ചുവടെ:-

2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ബിഎച്ച് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർഎസ്എസ് ആസ്ഥാനം നിലനിൽക്കുന്ന നാഗ്പൂറിൽ സഹപ്രവർത്തകനായ മറ്റൊരു ജഡ്ജിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു ലോയ. തലേദിവസം രാത്രി 11 മണിയോടെ ലോയ ഭാര്യ ഷാർമ്മിളയെ ഫോൺ ചെയ്തിരുന്നു. 40 മിനിറ്റോളം അദ്ദേഹം ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു.

അന്നത്തെ ദിവസത്തെ തിരക്കുകളെപ്പറ്റി സംസാരിച്ചു. നാഗ്പൂറിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസായ രവി ഭവനിൽ സഹപ്രവർത്തകർക്കൊപ്പം താനുണ്ടെന്നും ഭാര്യയോട് പറഞ്ഞു.

പിറ്റേദിവസം രാവിലെ അപ്രതീക്ഷിതമായാണ് ലോയയുടെ മരണവാർത്ത വീട്ടുകാർ കേൾക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ലോയ മരണപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മെച്ചമായിരുന്നുവെന്നും അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ ‘കാരവന്’ നൽകിയ അഭിമുഖത്തിൽ പറയുന്നു.

രാജ്യത്ത് വളരെ ചർച്ചാ വിഷയമായിരുന്ന സൊഹ്റാബുദ്ദീൻ കേസ് മാത്രമായിരുന്നു ആ സമയത്ത് ലോയ കൈകാര്യം ചെയ്തിരുന്നത്.

കേസിന്റെ വിചാരണ ഒറ്റ ജഡ്ജി കേൾക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ, മൂന്നു ജഡ്ജിമാർ മാറിമാറി വന്നു. കേസ് കേട്ടുതുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ, 2014 ജൂണിൽ ആദ്യ ജഡ്ജി ജെ ടി ഉൽപതിനെ സ്ഥലംമാറ്റി. പിന്നീട് ലോയ വന്നു.

ലോയയുടെ മരണ ശേഷം വന്ന എം ബി ഗോസവി, തന്നെ കുറ്റവിമുക്തനാക്കണമെന്ന അമിത് ഷായുടെ അപേക്ഷ ഡിസംബർ 15 മുതൽ മൂന്നു ദിവസം കേട്ടു. ഡിസംബർ 30ന് 75 പേജ് വരുന്ന വിധി പുറപ്പെടുവിച്ചു. അമിത് ഷായെ എല്ലാ കുറ്റങ്ങളിൽ നിന്നും മുക്തനാക്കി.

ലോയുടെ മൃതദേഹം കാണുമ്പോൾ രക്തത്തുള്ളികൾ വസ്ത്രത്തിൽ കണ്ടിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തലയുടെ പിൻഭാഗത്ത് ക്ഷതമേറ്റിരുന്നു. ബെൽറ്റ് എതിർദിശയിൽ തിരിഞ്ഞിരിക്കുകയും പാന്റിന്റെ ക്ലിപ്പുകൾ തകർന്ന നിലയിലും കാണപ്പെട്ടു.

റീപോസ്റ്റ് മോർട്ടത്തിനായി സഹോദരി ബിയാനി ആവശ്യപ്പെട്ടെങ്കിലും ലോയയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും വിഷയം കൂടുതൽ വഷളാക്കേണ്ടെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു.

ഗസ്റ്റ് ഹൗസിൽ നിന്നും ലോയയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് അന്ന് രാത്രി കൂടെയുണ്ടായിരുന്നവർ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ആ ഗസ്റ്റ് ഹൗസിൽ നിന്നും വളരെ ദൂരത്തിലാണ് ഓട്ടോ സ്റ്റാൻഡ് ഉള്ളത്. പെട്ടെന്ന് ഓട്ടോ റിക്ഷാ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്.

ആ അർധരാത്രിയിൽ അവർ എങ്ങനെ ഓട്ടോറിക്ഷാ സംഘടിപ്പിച്ചെന്നും കുടുംബം ചോദിക്കുന്നു. മാത്രമല്ല, ലോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും കൂടെയുണ്ടായിരുന്നവർ വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. ലോയക്ക് ആശുപത്രിയിൽ നൽകിയ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ ആശുപത്രി അധികൃതർ നിരസിക്കുകയും ചെയ്തു.

ആശുപത്രി ജീവനക്കാരും ലോയയുടെ കൂടെയുണ്ടായിരുന്നവരും പൊലീസും നടത്തിയ പല നീക്കങ്ങളും സംശയാസ്പദമാണെന്ന് ഡോക്ടർ കൂടിയായ ബിയാനി പറഞ്ഞു. ചെറിയ ചുമ വന്നാൽ പോലും തന്നെ കണ്ടിരുന്ന ലോയക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള ആരോഗ്യസ്ഥിതി അല്ലായിരുന്നുവെന്നും അവർ പറയുന്നു.

ലോയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പിതൃബന്ധത്തിലുള്ള സഹോദരൻ ഒപ്പിട്ടിരുന്നതായി രേഖകളിൽ കാണുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരുബന്ധം തങ്ങൾക്കില്ലെന്നും ഒപ്പിട്ട വ്യക്തിയെക്കുറിച്ച് അറിയില്ലെന്നും പിതാവ് വ്യക്തമാക്കി.

ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേട്ടി എന്നയാളാണ് ലോയുടെ മരണം ബന്ധുക്കളെ അറിയിക്കുന്നത്. ഇയാൾക്ക് ലോയയുമായി എന്തു ബന്ധമാണുള്ളതെന്നും ബന്ധുക്കൾക്ക് അറിയില്ല. നാല് ദിവസങ്ങൾക്ക് ശേഷമാണ് ലോയയുടെ മൊബൈൽ ഫോൺ ബന്ധുക്കൾക്ക് തിരിച്ചു നൽകിയത്.

ജഡ്ജിയുടെ മരണവാർത്ത മാധ്യമങ്ങൾപോലും കാര്യമായി റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിൽ ബന്ധുക്കളുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ
സോഷ്യൽ മീഡിയകളിലും വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.

സൊഹ്റാബു്ദദീന്റെ സഹോദരൻ റുബാബുദ്ദീൻ ജഡ്ജിയുടെ മരണത്തെ സംബന്ധിച്ച് സിബിഐക്ക് കത്തെഴുതിയിരുന്നു.

നരേന്ദ്ര മോദി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയും ആയിരിക്കെയാണ് സൊഹ്റാബുദ്ദീൻ വ്യാജഏറ്റുമുട്ടൽ നടക്കുന്നത്. ഹൈദരാബാദിൽ നിന്നും മഹാരാഷ്ട്രയിലെ സാംഗലിയിലേക്കു പോകവെ ഗുജറാത്ത് എടിഎസ് സൊഹ്രാബുദ്ദീനെയും ഭാര്യ കൗസർബിയെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് സിബിഐ കേസ്.

2005 നവംബറിൽ ഗാന്ധിനഗറിനു സമീപത്തുവെച്ച് വ്യാജ ഏറ്റുമുട്ടലിൽ ഇവരെ കൊലചെയ്തുവെന്നാണ് പുറത്ത് വന്നിരുന്ന വിവരങ്ങൾ.

Top