ന്യൂഡല്‍ഹി: മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കും. അവർ ജയിലിന് പുറത്തെത്തിറങ്ങും . ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി യുഡിഎഫ് എംപിമാർ കൂടിക്കാഴ്ച നടത്തി . കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് തങ്ങളെന്നും അവരുടെ അറസ്റ്റിലും കോടതിയുടെ നടപടികളിലും ഗുരുതരമായി വീഴ്ച ഉണ്ടായെന്ന് അമിത് ഷായ്ക്ക് ബോധ്യമായി എന്നും യുഡിഎഫ് എംപിമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് കളമൊരുങ്ങി. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോചനത്തിന് സാധ്യത തെളിഞ്ഞത്. ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാനാണ് നിര്‍ദ്ദേശം. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല. എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റാണെന്ന് അമിത്ഷാ അഭിപ്രായപ്പെട്ടു.
സെഷന്‍സ് ഉത്തരവിനെതിരെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാന്‍ ശ്രമിക്കാമെന്നും അമിത് ഷാ പറഞ്ഞു. വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നുതന്നെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചു.
മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് എന്‍ഐഎയെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കേസെടുക്കാന്‍ എന്‍ഐഎ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണം. ആഭ്യന്തര മന്ത്രാലയമാണ് ഒരു കേസ് എന്‍ഐഎയ്ക്ക് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. തന്റെ മുന്നില്‍ എത്തിയാല്‍ മാത്രമേ അത് നിയമപരമായ നടപടിയാവൂ. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ നിലവില്‍ സെഷന്‍സ് കോടതിയുടെ നടപടി നിയമപരമല്ലാത്തതാണ് എന്നാണ് അമിത് ഷാ സ്വീകരിച്ച നിലപാട്.
പൊതുവെ അനുഭാവപൂര്‍വമായ സമീപനമാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു. അതേസമയം, സാങ്കേതികമായ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നാണ് എംപിമാര്‍ക്ക് അമിത് ഷാ നല്‍കിയ ഉറപ്പ്. സംസ്ഥാന സര്‍ക്കാരും സിസ്റ്റര്‍മാരും വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. ഈ അപ്പീല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനുള്ള നടപടികളെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കന്യാസ്ത്രീകളുടെ കേസ് എൻഐ കോടതിയിലേക്ക് വിട്ടതിൽ ഗൂഡാലോചന ഉണ്ടായോ എന്ന് സംശയിക്കുന്നുണ്ട്. ആക്രമണം നടത്തിയ ബജ്‌റംഗദൾ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും എം പിമാർ ആവശ്യപ്പെട്ടു.
ഇന്ന് പകല്‍ പന്ത്രണ്ട് മണിയോടെയായിരുന്നു യുഡിഎഫ് എംപിമാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്. അതിനുമുന്നോടിയായാണ് അമിത് ഷാ ചത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്. സംഭവത്തില്‍ അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. വിഷയം സജീവമായ പശ്ചാത്തലത്തിലാണ് വിശദാംശങ്ങള്‍ തേടിയത്. പ്രധാനമന്ത്രിയുമായി അമിത് ഷാ വിഷയം സംസാരിച്ചുവെന്നാണ് വിവരം.


