അനുഷ്‌കയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊഹ്‌ലി

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 11 നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം. അനുഷ്‌കയുമായുളള വിവാഹശേഷം ഇന്ത്യന്‍ നായകന്‍ മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി കോഹ്‌ലി എത്തിയപ്പോള്‍ അനുഷ്‌കയും ഒപ്പമുണ്ടായിരുന്നു. ഇരുവരും ന്യൂ ഇയര്‍ ആഘോഷിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മല്‍സരം കാണാനായി അനുഷ്‌കയും ഗ്യാലറിയില്‍ എത്തിയിരുന്നു. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ കൊഹ്‌ലി വെറും 5 റണ്‍സിന് പുറത്തായി. ഇതോടെ അനുഷ്‌കയെ ആരാധകര്‍ കുറ്റം പറയാന്‍ തുടങ്ങി. പിന്നീട് ഷൂട്ടിംഗ് തിരക്കുകള്‍ കാരണം നടി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാല്‍ അനുഷ്‌കയെ കുറ്റം പറഞ്ഞവര്‍ക്ക് രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ സെഞ്ചുറി നേടിയാണ് കൊഹ്‌ലി മറുപടി നല്‍കിയത്. തന്റെ സെഞ്ചുറി നേട്ടം കൊഹ്‌ലി സമര്‍പ്പിച്ചതും ഭാര്യയ്ക്കു തന്നെ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ 150 റണ്‍സ് നേടിയപ്പോള്‍ കൊഹ്‌ലി ഭാര്യ അനുഷ്‌കയെ ഓര്‍ത്ത് വിവാഹ മോതിരത്തില്‍ മുത്തമിടുകയും ചെയ്തിരുന്നു. പിന്നീട് എതിരായ ഏകദിന പരമ്പരയിലും മികച്ച പെര്‍ഫോമാണ് കൊഹ്‌ലി പുറത്തെടുത്തത്. 6 ഏകദിന മല്‍സരങ്ങളില്‍നിന്നായി 3 സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയുമടക്കം 558 റണ്‍സാണ് കൊഹ്‌ലി വാരിക്കൂട്ടിയത്. പരമ്പരയില്‍ ഉടനീളം തനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്‌കയായിരുന്നുവെന്നാണ് മത്സരശേഷം കൊഹ്‌ലി പറഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ ഇല്ലായിരുന്നുവെങ്കിലും കൊഹ്‌ലിയുടെ ഓരോ നേട്ടവും അനുഷ്‌ക ഇന്ത്യയിലിരുന്ന് ആഘോഷിച്ചിരുന്നു. എന്നാലിപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20 മത്സരത്തിന് മുന്‍പായി അനുഷ്‌കയ്ക്ക് ഒപ്പമുളള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് വിരാട് കൊഹ്‌ലി. അനുഷ്‌കയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് കോഹ്‌ലി പോസ്റ്റ് ചെയ്തത്. ‘എന്റെ ഒരേയൊരു’. എന്നും കൊഹ്‌ലി ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിട്ടുണ്ട്.  ചിത്രം പകര്‍ത്തിയത് എവിടെ വച്ചാണെന്നോ എന്നാണെന്നോ വ്യക്തമല്ല. ഷൂട്ടിങ് തിരക്കുകളില്‍ മാറ്റിവച്ച് കൊഹ്‌ലിയുടെ മല്‍സരം കാണാനായി അനുഷ്‌ക ദക്ഷിണാഫ്രിക്കയിലേക്ക് പറന്നെത്തിയോ എന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്.

Latest
Widgets Magazine