അബ്ദുള്ളക്കുട്ടി നളിന്‍കുമാര്‍ കട്ടീലുമായ് ചര്‍ച്ച നടത്തി..!! ദക്ഷിണ കന്നടയില്‍ ന്യൂനപക്ഷ മുഖമാവാന്‍ അത്ഭുതക്കുട്ടി ഒരുങ്ങുന്നു

സജീവന്‍ വടക്കുമ്പാട്

കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കണ്ണൂര്‍ എം.പിയും എം.എല്‍.എയുമായ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി നേതാവ് നളിന്‍കുമാര്‍ കട്ടീലുമായ് ചര്‍ച്ച നടത്തി. ദക്ഷിണ കന്നടയില്‍ നിന്നുള്ള ലോകസഭാംഗമായ നളിന്‍കുമാര്‍ കട്ടീല്‍ വഴിയാണ് ദേശീയ നേതൃത്വം വഴി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത് മംഗളുരു ഉള്‍പ്പെട്ട ദക്ഷിണ കന്നടയിലെ ന്യൂന പക്ഷമുഖമായി അബ്ദുള്ളക്കുട്ടിയെ ഉയര്‍ത്തിക്കാട്ടാനാണ് ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിക്കുന്നതെന്നാണ് അറിയുന്നത്. അതിനിടെ അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി.യിലേക്കുള്ള കൂട് മാറ്റം പ്രാദേശിക ബി.ജെ.പിയില്‍ അസ്വാരസ്യങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴും ഏത് പക്ഷത്തേക്കാണ് ചായുകയെന്ന ചോദ്യത്തിന് അബ്ദുള്ളക്കുട്ടി മനസ് തുറന്നിട്ടില്ല. പൊതു പ്രവര്‍ത്തനം തുടരുമെന്ന് മാത്രമാണ് പറയുന്നത്. ഏറെ കാലമായി കുടുംബ സമേതം മംഗളുരുവിലാണ് അബ്ദുള്ളക്കുട്ടിയുടെ താമസം. ഇതിനിടെ ബി.ജെ.പിക്കാരനായ ബിസിനസ് പങ്കാളിയായ മലയാളി വ്യവസായി വഴിയാണ് അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്കുള്ള വഴി തുറന്നത്. മോദി സ്തുതി പെട്ടെന്ന് ഉടലെടുത്തതല്ലെന്നും അവസരത്തിന് വേണ്ടി ഇറക്കിയ വേലയാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു കഴിഞ്ഞു. അത് തന്നെയാണ് പെട്ടെന്ന് തന്നെ പുറത്താക്കല്‍ നടപടിയും കെ.പി.സി.സി നേതൃത്വം സ്വീകരിച്ചത്.

വലിയ വാഗ്ദാനങ്ങളൊന്നും തരാനിനില്ല. തരാനുള്ളത് മുസ്ലീംമായതു കൊണ്ട് ഒരവസരം നിഷേധിക്കപ്പെടില്ലെന്ന ഉറപ്പാണെന്ന് ബി.ജെ.പി ജന.സെക്രട്ടറി കെ.സുരേന്ദ്രന്‍ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വഴി സൂചിപ്പിച്ച് കഴിഞ്ഞു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകണമെന്ന മനസിലിരിപ്പ് അബ്ദുള്ളക്കുട്ടി നളിന്‍കുമാര്‍ കട്ടീലുമായ് പങ്കുവെച്ചാണ് വിവരം. ബി.ജെ.പി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ചുമതലയുള്ള നളിന്‍കുമാര്‍ കട്ടീല്‍ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെയും അറിയിച്ചതായാണ് വിവരം. നിലവില്‍ അബ്ദുള്ളക്കുട്ടിക്ക് അംഗത്വം നല്‍കുന്നതില്‍ ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിര്‍പ്പില്ല. എന്നാല്‍ പ്രാദേശിക നേതൃത്വം അബ്ദുള്ളക്കുട്ടിയെ അവസരവാദിയയി ചിത്രീകരിച്ച് കഴിഞ്ഞു. പാര്‍ലമെന്ററി വ്യാമോഹം വെച്ച് പുലര്‍ത്തുന്ന അബ്ദുള്ളക്കുട്ടി ബി.ജെ.പിയും അവസരം നിഷേധിച്ചാല്‍ മറ്റ് പാര്‍ട്ടിയില്‍ പോകുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിമര്‍ശനം.

സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, കേന്ദ്ര സഹ മന്ത്രി വി.മുരളീധരന്‍ എന്നിവരുമായും അബ്ദുള്ളക്കുട്ടി ഫോണില്‍ സംസാരിച്ചു കഴിഞ്ഞെന്നാണ് അറിയാന്‍ കഴിഞ്ഞത്. മഞ്ചേശ്വരത്തെ ബി.ജെ.പി പ്രവര്‍ത്തകരിലും അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്ന് കഴിഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രവീശ തന്ത്രി കുണ്ടാറിനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കണമെന്നാണ് അവിടെ നിന്നുള്ള വികാരം. മുസ്ലീം പരിഗണ കാസര്‍ഗോഡ് ജില്ലയില്‍ ബി.ജെ.പി വോട്ട് ചോര്‍ത്തുമെന്ന മുന്നറിയിപ്പും അവിടെ നിന്ന് നല്‍കി കഴിഞ്ഞു. എന്തായാലും അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത് തന്നെ അബ്ദുള്ളക്കുട്ടി താമര കൈയിലേന്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Top