ദുബായില്‍ ഇനി തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് കുരുക്ക് മുറുകും. സ്വകാര്യ മേഖലയിലെ തൊഴില്‍ചൂഷണം റിപ്പോര്‍ട്ട് ചെയ്യാനായി ദുബായ് നൗ ആപ്പില്‍ സൗകര്യമൊരുക്കി. ദുബായ് പൊലീസാണ് സൗകര്യം ഒരുക്കിയത്. ‘ഡിജിറ്റല്‍ ദുബായ്’യുടെ എക്‌സ് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. തൊഴിലാളികള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ ഇനി തൊഴിലുടമയ്ക്കെതിരെ ആപ്പില്‍ പരാതി നല്‍കാം. ‘വര്‍ക്കേഴ്‌സ് വോയിസ്’ എന്ന ഈ സര്‍വീസിലൂടെ വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ജോലി സ്ഥലത്തെ സാഹചര്യങ്ങള്‍, താമസം, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താം.
അതേസമയം,ട്രാഫിക് പിഴകള്‍, പാര്‍ക്കിങ് ലംഘനങ്ങള്‍, സാലക് പിഴകള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചുമത്തുന്ന പിഴകള്‍ ഇനി മുതല്‍ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ഒന്നിച്ച് അടയ്ക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് ദുബായ് സര്‍ക്കാര്‍. ഡിജിറ്റല്‍ ദുബായ് തങ്ങളുടെ ഔദ്യോഗിക സ്മാര്‍ട്ട് ആപ്ലിക്കേഷനായ ‘ദുബായ് നൗ’വില്‍ ആണ് ‘പേ ഓള്‍ ഫൈന്‍സ്’ എന്ന ഈ പുത്തന്‍ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ വ്യത്യസ്ത വെബ്സൈറ്റുകളോ ആപ്പുകളോ മാറിമാറി സന്ദര്‍ശിച്ച് പിഴകള്‍ അടയ്‌ക്കേണ്ടി വരുന്ന പ്രവാസികളുടെയും സ്വദേശികളുടെയും വലിയ ബുദ്ധിമുട്ടിനാണ് പരിഹാരമായിരിക്കുന്നത്.
ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്പായ ‘ദുബായ് നൗ’ വഴി നിലവില്‍ വിവിധ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 320-ലധികം സേവനങ്ങള്‍ ലഭ്യമാണ്. വാട്ടര്‍-ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കല്‍, വിസ സേവനങ്ങള്‍, സാലക് അക്കൗണ്ട് റീചാര്‍ജ് ചെയ്യല്‍ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കളുടെ സൗകര്യം ഇരട്ടിയാക്കിക്കൊണ്ട് എല്ലാത്തരം പിഴകളും ഒന്നിച്ച് അടയ്ക്കാനുള്ള സംവിധാനവും ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇനി മുതല്‍ ആളുകള്‍ക്ക് തങ്ങളുടെ എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ പിഴകളുടെയും പൂര്‍ണ്ണമായ വിവരങ്ങള്‍ ഒരൊറ്റ സ്‌ക്രീനില്‍ കാണാനും ഒരൊറ്റ ട്രാന്‍സാക്ഷനിലൂടെ അവ മുഴുവനായി അടച്ചുതീര്‍ക്കാനും സാധിക്കും.


