തിരുവനന്തപുരം: നിയസസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഫണ്ടില്‍ നിന്ന് കോടികള്‍ അടിച്ചുമാറ്റിയ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ബിജെപി. പുറത്തുവരുന്നതിനപ്പുറമുള്ള വെട്ടിപ്പും കമ്മീഷന്‍ വാങ്ങലുമാണ് പാര്‍ട്ടി നേതൃത്വം കണ്ടെത്തിയത്. ഇത്തരത്തില്‍ കോടികളാണ് സംസ്ഥാന നേതാക്കള്‍ പോക്കറ്റിലാക്കിയത്.
പ്രചാരണത്തിനായി എത്തിയ ഹെലികോപ്റ്ററുകളുടെ മണിക്കൂറുകളിലും വാടകയ്‌ക്കെടുത്ത കാറുകളുടെ ട്രിപ്പ് ഷീറ്റുകളിലും വരെ കൃത്രിമം കാണിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കോടികള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഫണ്ടിലെ കൊള്ളയ്ക്ക് പുറമെ പാര്‍ട്ടി നേതാവിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് വായ്പയിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
പാര്‍ട്ടിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ നിന്നും ഹെലികോപ്റ്റര്‍, വാഹന വാടക ഇനങ്ങളിലാണ് ഏറ്റവും വലിയ ക്രമക്കേട് നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്ന് ഹെലികോപ്റ്ററുകള്‍ 136 മണിക്കൂര്‍ പറക്കാനാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആകെ ഉപയോഗിച്ചത് വെറും 42 മണിക്കൂര്‍ മാത്രമാണ്. ബാക്കി വരും മണിക്കൂറുകള്‍ വ്യാജമായി കണക്കില്‍ കാണിച്ച് ഇതിന്റെ മറവില്‍ ലക്ഷങ്ങളാണ് ചില നേതാക്കള്‍ പോക്കറ്റിലാക്കിയത്. ഇതിനുപുറമെയാണ് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സംസ്ഥാന വ്യാപകമായി വാടകയ്‌ക്കെടുത്ത 200 കാറുകളുടെ പേരിലുള്ള തട്ടിപ്പ്. ഇതില്‍ പകുതി കാറുകള്‍ പോലും ഒരു ദിവസവും പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഈ വണ്ടികളെല്ലാം ഓടിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ട്രിപ്പ് ഷീറ്റുകളില്‍ വ്യാപകമായി തിരുമറി നടത്തുകയായിരുന്നു. ഈ ഒരൊറ്റ വാഹന വാടക തിരുമറിയിലൂടെ മാത്രം ഒരു കോടിയോളം രൂപയാണ് ബിജെപിയിലെ ചില ഉന്നതര്‍ തട്ടിയെടുത്തത്.-മാതൃഭൂമിയാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ട്ടി ഫണ്ട് അടിച്ചുമാറ്റിയതിന് പുറമെ ബിജെപി നേതാവ് എം.എസ്. കുമാറിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ ബാങ്കിനെ പറ്റിച്ച് മറ്റൊരു സംസ്ഥാന സെക്രട്ടറിയും കോടികളുടെ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഈ സഹകരണ സംഘത്തില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയായി കൈപ്പറ്റിയ ഈ സെക്രട്ടറി, പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഇത് തിരിച്ചടയ്ക്കാതെ മുക്കുകയായിരുന്നു. സഹകരണ ബാങ്കിലെ ഈ ക്രമക്കേടും തിരഞ്ഞെടുപ്പ് ഫണ്ടിലെ തട്ടിപ്പും ഒരുമിച്ച് പുറത്തുവന്നതോടെ പാര്‍ട്ടി അണികള്‍ കടുത്ത അമര്‍ഷത്തിലാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു കോടി കൊടികള്‍ നിര്‍മ്മിക്കാനുള്ള മൂന്നരക്കോടി രൂപയുടെ കരാറിലും വന്‍ വെട്ടിപ്പാണ് നടന്നത്. കേന്ദ്ര നേതൃത്വം നല്‍കുന്ന ഔദ്യോഗിക കൊടികള്‍ വരാന്‍ വൈകിയ സാഹചര്യം മുതലെടുത്ത്, പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ ഒരു തട്ടിക്കൂട്ട് സ്വകാര്യ കമ്പനി രൂപീകരിച്ച് കരാര്‍ സ്വന്തമാക്കുകയായിരുന്നു. ഈ ഇടപാടിലൂടെ ബിജെപിയുടെ ഒരു സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച നേതാവും ചേര്‍ന്ന് 54 ലക്ഷം രൂപയാണ് കമ്മീഷനായി കൈപ്പറ്റിയത്. പിന്നീട് കേന്ദ്രം അയച്ച ലക്ഷക്കണക്കിന് കൊടികള്‍ നിലവില്‍ പാര്‍ട്ടി ഓഫീസുകളില്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്.-മാതൃഭൂമിയാണ് ഇതും റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവാക്കിയതിലും വലിയ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്. സംസ്ഥാനത്തെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാനും പാര്‍ട്ടിയെ അഴിമതിരഹിതമായി നയിക്കാനും കേന്ദ്രം നിയോഗിച്ച സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പൂര്‍ണ്ണമായും നിരാശനാക്കുന്നതാണ് സ്വന്തം മൂക്കിന് താഴെ നടന്ന ഈ കോടികളുടെ ഫണ്ട് വെട്ടിപ്പ്. അദ്ദേഹത്തിന്റെ കാലയളവില്‍ തന്നെ ഇത്രയും വലിയ സാമ്പത്തിക കൊള്ള നടന്നത് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ രാജീവ് ചന്ദ്രശേഖറിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായി തകര്‍ത്തതോടെ, സാമ്പത്തിക ആരോപണങ്ങള്‍ നേരിടുന്ന സംസ്ഥാന സെക്രട്ടറി, മേഖല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരെ നിലവിലെ സ്ഥാനങ്ങളില്‍ നിന്ന് അടിയന്തരമായി മാറ്റിനിര്‍ത്താന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ സഹകരണസംഘത്തില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത സംസ്ഥാന സെക്രട്ടറിക്കും വരാനിരിക്കുന്ന പുനസംഘടനയില്‍ ഭാരവാഹിത്വം പൂര്‍ണ്ണമായും നഷ്ടമാകും. അഴിമതി നടത്തിയ നേതാക്കള്‍ ആരാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പാര്‍ട്ടി ട്രഷറര്‍ കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഫണ്ട് വെട്ടിപ്പില്‍ പങ്കുള്ളവരെ പാര്‍ട്ടിയുടെ എല്ലാ പ്രധാന ചുമതലകളില്‍ നിന്നും ഒഴിവാക്കുന്ന വിവരം രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റി അംഗങ്ങളെ നേരിട്ട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിപ്പ് നടത്തിയ നേതാക്കളെ പൂര്‍ണ്ണമായും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് അണികളുടെ ആവശ്യം.
അച്ചടക്ക നടപടികള്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അത് പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്ന ഒന്നല്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പരസ്യമായി പറയുന്നതെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കനല്‍ പുകയുകയാണ്. പണം വാരിയെറിഞ്ഞിട്ടും തിരഞ്ഞെടുപ്പില്‍ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്തതിന് കാരണം നേതാക്കളുടെ ഈ കോടികളുടെ ഫണ്ട് വെട്ടിപ്പാണെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. സംസ്ഥാന ബിജെപിയിലെ പ്രമുഖ നേതാക്കള്‍ തന്നെ പ്രതിക്കൂട്ടിലായ ഈ ഫണ്ട് വിവാദം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറും.
കുറ്റക്കാരായ നേതാക്കളെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ ചില പ്രമുഖ ഗ്രൂപ്പ് മാനേജര്‍മാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിലപാടുള്ളതിനാല്‍ ഇത്തവണ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ല. വരും ദിവസങ്ങളില്‍ കേരള ബിജെപിയില്‍ വലിയ അഴിച്ചുപണിക്കാണ് ഈ അഴിമതിക്കഥകള്‍ വഴിയൊരുക്കുന്നത്.


