ഗ്രൗണ്ട് ഉണക്കാന്‍ അര്‍ജുന്‍; സാക്ഷിയായി ഗ്യാലറിയില്‍ സച്ചിന്‍; കയ്യടിയുമായി ആരാധകര്‍…

താര ജാഡകളില്ലാത്ത കളിക്കാരനായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗ്രൗണ്ടിനകത്തും പുറത്തും എങ്ങിനെ പെരുമാറണമെന്ന് സച്ചിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. സച്ചിന്റെ ഈ പെരുമാറ്റം എല്ലായിപ്പോഴും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോഴിതാ സച്ചിന്റെ മകന്‍ അര്‍ജുനും ഇതിഹാസതാരത്തിന്റെ മകനെന്ന ജാഡയില്ലാതെ ക്രിക്കറ്റ് ആരാധകരുടെ കൈയ്യടി നേടുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ താരരാജാവിന്റെ മകനായിരിക്കാം.

ലോര്‍ഡ്‌സിലെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാന്‍ ഇതൊന്നും അര്‍ജുന്‍ ടെണ്ടുല്‍ക്കറെന്ന യുവ ക്രിക്കറ്റ് താരത്തിന് തടസമല്ല. എന്തായാലും ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മഴ മുടക്കുമ്പോഴും വാര്‍ത്തകളില്‍ നിറയുകയാണ് സച്ചിന്‍ മകന്‍ അര്‍ജുന്‍. മഴ പെയ്യുമ്പോള്‍ പിച്ച് മൂടാനും മൈതാനം വൃത്തിയാക്കാനുമൊക്കെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന അര്‍ജുന്റെ നല്ല മനസിന് കയ്യടിക്കുകയാണ് കായിക ലോകം. അര്‍ജുന്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുമ്പോള്‍ ഗാലറിയില്‍ ഇതിനെല്ലാം സാക്ഷിയായി സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുമുണ്ടായിരുന്നു.

അര്‍ജുന്റെ നല്ല മനസിനെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതര്‍ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തു. ശ്രീലങ്കയില്‍ നടന്ന യൂത്ത് ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള ഏകദിന പരമ്പരയില്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതോടെയാണ് അര്‍ജുന്‍ ലണ്ടനിലേക്ക് പറന്നത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുള്‍പ്പടെയുള്ള താരങ്ങള്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞുകൊടുക്കാനും ഇടംകയ്യന്‍ പേസ് ബോളറായ അര്‍ജുനുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കളിക്കിടെ മഴയെത്തുമ്പോഴെല്ലാം ഗ്രൗണ്ട് സ്റ്റാഫിന് സഹായമായും അര്‍ജുനെത്തിയത്. ടീം ഏകദിന പരമ്പര ആരംഭിച്ചതോടെ ഒഴിവു സമയം ആഘോഷിക്കാന്‍ അര്‍ജുന്‍ ലണ്ടനിലെത്തി. ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വയറ്റുമൊത്തുള്ള അര്‍ജുന്റെ ചിത്രങ്ങളും ഇതിനകം വൈറലായിട്ടുണ്ട്.

ഇന്ത്യന്‍ ടീമിന്റെ കളികള്‍ കണ്ടും അവര്‍ക്കൊപ്പം ചെലവഴിച്ചും കൂടുതല്‍ പരിചയസമ്പത്ത് നേടുകയാണ് അര്‍ജുന്റെ ലക്ഷ്യം. ഇംഗ്ലണ്ട് പര്യടനത്തിലെ നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞു കൊടുക്കാന്‍ സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഉണ്ടായിരുന്നു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് കോഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ജുന്‍ പന്തെറിഞ്ഞുകൊടുത്തത്.

ഇന്ത്യന്‍ ടീമില്‍ ശക്തരായ പേസ് ബോളര്‍മാരുണ്ടെങ്കിലും ഇടംകൈ ബോളര്‍മാര്‍ ഇല്ലാത്തതിനാലാണ് അര്‍ജുനെയും പരിശീലനത്തിന്റെ ഭാഗമാക്കിയത്. ടീമിലെ പ്രധാന താരങ്ങളെല്ലാം അര്‍ജുന്റെ ബോളുകള്‍ നേരിടാന്‍ പരിശീലന വേളയില്‍ സമയം കണ്ടെത്തി. എഡ്ജ്ബാസ്റ്റനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിന് തോറ്റ ഇന്ത്യ, ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയന്നത്.

Top