തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് നാലരക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിതക്കും പരാതിക്കാരനും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കൊച്ചി:സോളാർ നായിക സരിതക്ക് അറസ്റ്റ് വാറണ്ട് .വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കാറ്റാടി യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് സരിത തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് നാലരക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് സരിതക്ക എതിരെ വാറണ്ട് . തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ടി.കെ.സുരേഷാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി.

പീരുമേട്ടില്‍ കൃഷിസ്ഥലമുള്ള തോട്ടമുടമയായ തിരുവനന്തപുരം അതിയന്നൂര്‍ വില്ലേജില്‍ തലയല്‍ ദേശത്ത് റെയില്‍വേ ഗേറ്റിന് സമീപം പള്ളിയറ വീട്ടില്‍ ആര്‍.ജി.അശോക് കുമാര്‍ (53) ആണ് സരിതയുടെ ചതിയില്‍ പെട്ടത്. ‘കാറ്റില്‍ നിന്ന് വൈദ്യുതി വീട്ടിലേക്ക് ‘ എന്ന തലക്കെട്ടിലുള്ള ലേഖനം മാതൃഭൂമി ധന കാര്യം സപ്ലിമെന്റില്‍ പരസ്യം നല്‍കിയാണ് സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പിന് കളമൊരുക്കിയത് . 2008 നവംബര്‍ 10 ലെ ധനകാര്യം നാലാം പേജില്‍ ആണ് പരസ്യം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലേഖനത്തില്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഐസിഎം പവര്‍ കമ്പനി കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടുകളില്‍ കാറ്റാടി യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായി എഴുതിയിരുന്നു. കൂടാതെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലേക്ക് വിതരണക്കാരെ ആവശ്യമുണ്ടെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. പരസ്യം കണ്ട് ആകൃഷ്ടനായ അശോക് കുമാര്‍, തനിക്ക് പീരുമേട്ടില്‍ വൈദ്യുതി ഇല്ലാത്ത കൃഷിസ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാപനത്തില്‍ ചെല്ലുകയായിരുന്നു.

അശോകനെ പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജരേഖകള്‍ ചമച്ച് നാലര ലക്ഷം രൂപ 2009 ജനുവരി ഏഴിന് യൂണിയന്‍ ബാങ്കിന്റെ മുണ്ടക്കയം ബ്രാഞ്ചിലെ ചെക്ക് പ്രകാരം സരിത കബളിപ്പിച്ചെടുത്ത് രസീത് നല്‍കിയതായി വലിയതുറ പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് ഡീലര്‍ഷിപ്പ് എഗ്രിമെന്റ് എന്ന് കാണിച്ച് പ്രതികള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് വ്യാജ രേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജ സാധന ഓര്‍ഡര്‍ ഫോം നല്‍കിയും അശോകനെ ചതിച്ച് 4.5 ലക്ഷം രൂപ കബളിപ്പിച്ചെടുത്തുവെന്നാണ് കേസ്.

വഞ്ചിച്ചെടുത്ത പണമുപയോഗിച്ച് ഹുണ്ടായ് സാന്‍ട്രോ കാറും സ്വര്‍ണ്ണവും വസ്തുവും പ്രതികള്‍ വാങ്ങിയതും കുറ്റപത്രത്തിലുടണ്ട്. കാര്‍, വസ്തുവിന്റെ പ്രമാണം എന്നിവ തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വലിയതുറ മുന്‍ സബ്ബ് ഇന്‍സ്‌പെപെക്ടര്‍മാരായ സുരേഷ്.വി.നായര്‍, റ്റി.സതികുമാര്‍ , ഗ്രേഡ് എസ്.ഐ. കെ.സുധാകരന്‍ എന്നിവരാണ് കേസന്വേഷിച്ചത്.2013 ആഗസ്റ്റ് മൂന്നിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജു രാധാകൃഷ്ണന്‍ നല്‍കിയ രേഖകളില്‍ കാണപ്പെട്ട ഒപ്പുകളും ബിജുവില്‍ നിന്നു ശേഖരിച്ച സാമ്പിള്‍ ഒപ്പുകളും തമ്മില്‍ സാമ്യതയുള്ളതായ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയിട്ടുണ്ട്. സരിതാ എസ്. നായരും അശോക് കുമാറും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനാലാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്.

Top