സഞ്ചാരികളുടെ തിരക്കേറുന്നു ; കാഴ്ച ഒരുക്കി അരുവിക്കുഴി

കോട്ടയം:
അരുവിക്കുഴി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. വെള്ളച്ചാട്ടത്തിനു അരികിലായി കുട്ടികള്‍ക്കായുള്ള ഇരിപ്പിടങ്ങളും പാര്‍ക്കും സജ്‌ജീകരിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. പദ്ധതി നടപ്പായാല്‍ ഇവിടേക്കു സഞ്ചാരികളുടെ തിരക്ക് ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേരാണ്‌ ഇങ്ങോട്ടേയ്‌ക്ക്‌ എത്തുന്നത്‌. ജലനിരപ്പു കുറഞ്ഞതിനാല്‍, വെള്ളച്ചാട്ടം അടുത്തു കാണുന്നതിനും പാറക്കല്ലുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നതിനാല്‍ സഞ്ചാരികളുടെ എണ്ണവും കൂടി വരുന്നു.
കോട്ടയത്തു നിന്നു 18 കിലോമീറ്റര്‍ മാറി പള്ളിക്കത്തോട്ടിലാണ്‌ അരുവിക്കുഴി വെള്ളച്ചാട്ടം സ്‌ഥിതി ചെയ്യുന്നത്‌. റബര്‍ തോട്ടങ്ങള്‍ക്കും വന്‍മരങ്ങള്‍ക്കും ഇടയില്‍ സ്‌ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഏവരുടെയും മനം കുളിര്‍പ്പിക്കുന്ന കാഴ്‌ചയാണ്‌. പ്രവേശനകവാടത്തിലെ പടികളും ചെറിയ കൂടാരങ്ങളും ഇരിപ്പിടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബാരിക്കേഡ്‌ മാതൃകയിലുള്ള പടികള്‍ക്കിടയിലെ വലിയ മരങ്ങളും പച്ചപ്പും ഫോട്ടോ ഷൂട്ടുകളുടെ പ്രിയ ഇടമാണ്‌. കൂടാതെ, അരുവിയ്‌ക്ക്‌ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലമാണു മറ്റൊരു പ്രധാന ആകര്‍ഷണം. തൂക്കുപാലത്തിനു സമാനമായ പാലത്തിനു മധ്യഭാഗത്തു നിന്ന്‌ വെള്ളച്ചാട്ടം പൂര്‍ണ്ണമായും കാണാന്‍ സാധിക്കും. അരുവിയിലെ വിവിധ വലുപ്പത്തിലുള്ള പാറക്കല്ലുകളും വെള്ളത്തിലെ മരത്തടികളുമാണു സഞ്ചാരികളുടെ മറ്റൊരു പ്രധാന ഇടം. അരുവിയില്‍ നീരൊഴുക്ക്‌ കുറവായതിനാല്‍ പാറക്കല്ലുകളില്‍ ചവിട്ടി വെള്ളത്തില്‍ ഇറങ്ങുന്നതിനും സാധിക്കും.
സേവ്‌ ദ ഡേറ്റ്‌ ഫോട്ടോഷൂട്ട്‌, എന്നിവയ്‌ക്കായി നിരവധി പേരാണ്‌ ഇവിടെയെത്തുന്നത്‌. പച്ചപ്പു നിറഞ്ഞതും തണുപ്പു നിറഞ്ഞതുമായ കാലാവസ്‌ഥയാണു മറ്റൊരു പ്രധാന ആകര്‍ഷണം. 26 രൂപയാണു പ്രവേശന ഫീസ്‌. രാവിലെ 9 മുതല്‍ വൈകിട്ട്‌ 6 വരെയാണു പ്രവേശനസമയം.+

Top