എ​ടി​എം മാ​തൃ​ക​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം; തു​ട​ക്കം അ​ട്ട​പ്പാ​ടി​യി​ൽ

സംസ്ഥാനത്ത് ആദ്യമായി എടിഎം മാതൃകയിൽ കുടിവെള്ള വിതരണ പദ്ധതിക്കു തുടക്കം. പാലക്കാട് അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമപഞ്ചായത്തിലാണു കുടിവെള്ളവിതരണത്തിന് എടിഎം മാതൃക അവതരിപ്പിച്ചത്. പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമവാസികൾ റീച്ചാർജ് ചെയ്യാവുന്ന കാർഡ് ഉപയോഗിച്ചാണു കുടിവെള്ളം ശേഖരിക്കുന്നത്.

ഷോളയൂർ സാന്പാർകോട്ൽ സ്ഥാപിച്ചിട്ടുള്ള ജലശുദ്ധീകരണ പ്ലാന്‍റിലേക്ക് ശിരുവാണിപ്പുഴയിൽ നിന്നാണു വെള്ളമെത്തിക്കുന്നത്. മണിക്കൂറിൽ അയ്യായിരം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റിൽ നിന്നു, എടിഎം മാതൃകയിലുള്ള മെഷീനും ആയിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും സ്ഥാപിച്ചിട്ടുള്ള നാലു കേന്ദ്രങ്ങളിലേക്കു വെള്ളമെത്തിക്കും. ഒരാൾക്ക് ദിവസം 20 ലിറ്റർ ശുദ്ധമായ കുടിവെള്ളമാണു കാർഡുപയോഗിച്ചു ശേഖരിക്കാനാവുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തു ലിറ്റർ വീതം രണ്ടു തവണയായും ശേഖരിക്കാം. എടിഎം ഡെബിറ്റ് കാർഡിനു സമാനമായ കാർഡുകൾ ഗ്രാമവാസികൾക്കു വിതരണം ചെയ്തിട്ടുണ്ട്. വെള്ളമെടുക്കുന്ന ആദിവാസി വിഭാഗക്കാരുടെ കാർഡിൽ നിന്നു ലിറ്ററിന് 25 പൈസയും മറ്റുള്ളവരുടേതിൽ നിന്നു അന്പതു പൈസയുമാണ് ഡെബിറ്റാവുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം പദ്ധതിയുടെ നടത്തിപ്പു ചെലവുകൾക്കായി ഉപയോഗിക്കും. സാന്പാർകോട്, വട്ടലക്കി, കോട്ടത്തറ, ആനക്കട്ടി എന്നീ ഉൗരുകളിലാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തുന്നത്.

കാർഡ് ഉപയോഗിച്ചുള്ള വെള്ളത്തിന്‍റെ ഉപയോഗം മൊബൈൽ ആപ്ലിക്കേഷൻ വഴി നിരീക്ഷിക്കാനും സംവിധാനമുണ്ട്. നൂറു ലിറ്ററിൽ താഴെ വെള്ളമെത്തിയാൽ മൊബൈൽ ആപ്ലിക്കേഷൻ അലാം മുഴക്കി മുന്നറിയിപ്പു നൽകും. അതനുസരിച്ചു പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ വിതരണകേന്ദ്രങ്ങളിലേക്കു വെള്ളമെത്തിക്കും. പ്രദേശത്തെ സ്കൂൾ വിദ്യാർഥികൾക്കു സൗജന്യമായി കുടിവെള്ളം ശേഖരിക്കുന്നതിനും മെഷീനിൽ സജ്ജീകരണമുണ്ട്. കൊച്ചി കപ്പൽശാലയുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ ചെലവിലാണു എടിഎം മാതൃകയിലുള്ള കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചത്.

ഷോളയൂർ ഗ്രാമപഞ്ചായത്തും ശാന്തി മെഡിക്കൽ ഇൻഫർമേഷനും ചേർന്നുള്ള കമ്മിറ്റിക്കാണു നടത്തിപ്പിന്‍റെ ചുമതല. അട്ടപ്പാടിയിലെ എല്ലാ ഉൗരുകളിലേക്കും എടിഎം മാതൃകയിൽ കുടിവെള്ളം എത്തിക്കാനും പദ്ധതിയുണ്ട്.

Top