ബി നിലവറ തുറന്നാൽ കേരളം നശിക്കും: നിലവറ തുറക്കുന്നത് കടലിലേയ്ക്ക്; തുറന്നാൽ തിരുവനന്തപുരം ജില്ല വെള്ളത്തിലാകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി-നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല പൂർണമായും വെള്ളത്തിലാകുമെന്നു ചരിത്ര രേഖകൾ. തിരുവതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. ഈ രേഖകൾ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചിനു മുന്നിൽ സമർപ്പിക്കുന്നതിനാണ് രാജ കുടുംബാംഗങ്ങൾ ഒരുങ്ങുന്നത്. മുൻപ് ഒരു തവണ നിലവറ തുറക്കാൻ ശ്രമം നടത്തിയപ്പോൾ, തിരുവനന്തപുരം നഗരം ആറു മാസത്തോളം വെള്ളത്തിലായിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് ശംഖുമുഖം കടപ്പുറത്തേയ്ക്കാണെന്നാണ് രേഖകളിൽ കാണുന്നത്.
ബി നിലവറയുടെ പ്രധാന വാതിൽ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളിൽ കാണുന്നത്.ഈ വാതിലിലൂടെ കടൽ വെള്ളം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകൾ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതിൽ തുറന്നാൽ ഉടൻ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും. കടൽ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തിൽ മുങ്ങുമെന്നാണ് രേഖകളിൽ നിന്നു വ്യക്തമാക്കുന്നത്. ഇത് ഒഴിവാക്കാനാണ് ഇപ്പോൾ രാജകുടുംബം ബി നിലവറ തുറക്കരുതെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.
രാജഭരണ കാലത്ത് സ്വർണവും നിധിയും സൂക്ഷിച്ചിരുന്നത് ഈ ബി നിലവറയിലായിരുന്നു. ഈ നിലവറയുടെ വാതിൽ നേരിട്ടു തുറന്നാൽ അപകടമുണ്ടാകുന്ന തരത്തിലാണ് നിർമ്മിച്ചിരുന്നത്. മറ്റു നിലവറകളിൽ നിന്നു ബി നിലവറയിൽ സ്വർണം നിക്ഷേപിക്കുന്നതിനു പ്രത്യേക അറകളുണ്ടായിരുന്നു. രാജകൊട്ടാരത്തിൽ നിന്നു ബി നിലവറയ്ക്കുള്ളിൽ പ്രവേശിക്കുന്നതിനു പ്രത്യേക വഴിയുണ്ടായിരുന്നതായും ചരിത്ര രേഖകളിലുണ്ട്.
തിരുവതാകൂറിനു നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണമുണ്ടായാൽ സ്വത്ത് വഹകൾ സംരക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ് നിലവറകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്. നിലവറയുടെ താക്കോൽ രഹസ്യം അറിയാത്ത സൈന്യം തിരുവതാംകൂറിനെ ആക്രമിച്ചു സ്വർണം കവരാൻ ശ്രമിച്ചാൽ സൈന്യം അടക്കം കടലിൽ ചെല്ലുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. അതുകൊണ്ടു തന്നെ ബി നിലവറ തുറന്നാൽ കേരളത്തിനു തന്നെ നാശമുണ്ടാകുമെന്നാണ് തിരുവതാംകൂർ രാജ വംശം ഇപ്പോൾ പറയുന്നത്. അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെതിരെ രാജ വംശം തടസം നിൽക്കുന്നതും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top