സഹാരണ്‍പുര്‍: കാറില്‍ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ യുപി പൊലീസ്. ഇതേ തുടര്‍ന്ന് അപകടത്തില്‍ പരിക്കേറ്റുകിടന്ന കൗമാരക്കാരായ രണ്ടുപേരും രക്തം വാര്‍ന്നു മരിച്ചു. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാരാണ് കാറില്‍ രക്തം പറ്റുമെന്ന് പറഞ്ഞു പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടുനല്‍കാഞ്ഞത്. വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. അര്‍പിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും ബൈക്കിനു സമീപം രക്തം വാര്‍ന്നു കിടക്കുന്നതും വിഡിയോയിലുണ്ട്. അപകടമുണ്ടായതിനു പിന്നാലെതന്നെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായ 100 എന്ന നമ്പരില്‍ വിളിച്ചു പൊലീസിനെ അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം പരുക്കേറ്റവരെ രക്ഷിക്കാന്‍ ഒരു ശ്രമവുംനടത്തിയില്ല. കുട്ടികളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അവരുടെ കൂടെയുണ്ടായിരുന്നവരിലൊരാള്‍ താണുകേണു പറയുന്നതായി വീഡിയോയില്‍നിന്നു വ്യക്തമാണ്. ഇവിടെനില്‍ക്കുന്ന വേറാരൊരാള്‍ക്കും കാറില്ലെന്നും ആ ശബ്ദം വെളിപ്പെടുത്തുന്നുണ്ട്. പൊലീസുകാരില്‍ നിന്നു സഹായം ലഭിക്കാതായതോടെ അതുവഴി പോയ മറ്റു വാഹനങ്ങള്‍ നിര്‍ത്താനുള്ള ശ്രമവും സ്ഥലത്തെത്തിയവര്‍ നടത്തി. മറ്റു വാഹനങ്ങളും നിര്‍ത്തിയില്ല. പിന്നീട് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍നിന്നു മറ്റൊരു വാഹനമെത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു സഹാരണ്‍പുര്‍ പൊലീസ് മേധാവി പ്രഭാല്‍ പ്രതാപ് സിങ് അറിയിച്ചു. മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടിയെടുക്കും. സംസ്ഥാനമെങ്ങും ശക്തമായ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയാണ് 2016ല്‍ യുപി സര്‍ക്കാര്‍ ‘ഡയല്‍ 100’ പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ വാഹനങ്ങളും പൊലീസിനു നല്‍കിയിരുന്നു.



