അർദ്ധരാത്രിയിൽ വനിതാ ഹോസ്റ്റലിൽ രഹസ്യ സന്ദർശനത്തിന് എത്തിയ എസ്ഐയെ ചോദ്യം ചെയ്ത 16കാരനെയും പിതാവിനെയും മർദ്ദിച്ചതായി ആരോപണം. കോഴിക്കോട് മെഡിക്കൽ കോളേജ് എസ്ഐ ഹബീബുള്ളയ്ക്കെതിരെയാണ് ഗുരുതര ആരോപണമുയർന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെ നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ വനിതാ ഹോസ്റ്റൽ പരിസരത്താണ് സംഭവമുണ്ടായത്. മെഡിക്കൽ കോളേജ് എസ്ഐ അസമയത്ത് വനിതാ ഹോസ്റ്റലിന് പുറത്ത് ഒരു സ്ത്രീയുമായി സംസാരിച്ച് നിൽക്കുന്നത് കണ്ട കുട്ടിയുടെ പിതാവാണ് ആദ്യം കാര്യമന്വേഷിച്ചത്. എന്നാൽ ഇയാളെ യാതൊരു പ്രകോപനവും കൂടാതെ എസ്ഐ മർദ്ദിച്ചുവത്രേ. പിതാവിനെ മർദ്ദിക്കുന്നത് കണ്ടാണ് 16കാരൻ സംഭവസ്ഥലത്തെത്തുന്നത്. തുടർന്ന് കുട്ടിയെയും എസ്ഐ മർദ്ദിക്കുകയായിരുന്നു. താൻ ആരാണെന്ന് മനസിലായില്ലേ എന്ന് ചോദിച്ചായിരുന്നു എസ്ഐ 16കാരനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദിച്ചവശനാക്കിയ കുട്ടിയെ എസ്ഐ ജീപ്പിൽ എടുത്തിട്ട് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കുട്ടിയുടെ അമ്മയും സഹോദരിയും ചേർന്ന് ജീപ്പ് തടഞ്ഞതോടെ സംഭവം കൂടുതൽ വഷളായി. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ട് എസ്ഐ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇടുപ്പെല്ലിനും, കഴുത്തെല്ലിനും ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്ഐക്കെതിരെ പരാതി നൽകാനെത്തിയ കുട്ടിയുടെ സഹോദരനെ സ്റ്റേഷനിൽ വെച്ച് മറ്റ് പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. എസ്ഐക്കെതിരെ പരാതി നൽകരുതെന്നാണ് സ്റ്റേഷനിലെ പോലീസുകാർ സഹോദരനോട് പറഞ്ഞത്. നാലു തവണ സ്റ്റേഷനിൽ പോയിട്ടും പരാതി സ്വീകരിച്ചില്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പോലീസ് ഇടപെട്ടത്. തുടർന്ന് വെള്ളയിൽ പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരും സംഭവത്തിൽ ഇടപെടിട്ടുണ്ട്. വനിതാ ഹോസ്റ്റലിന്റെ പരിസരത്ത് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് രാത്രികാലങ്ങളിൽ നാട്ടുകാർ പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.



